ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും വാര്‍ത്താതാരങ്ങളാണ്. അടുത്തിടെയാണ് ഇരുവര്‍ക്കും സരോഗസി വഴി പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രമോ പേരോ ഒന്നും തന്നെ ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ പ്രിയങ്ക-നിക്ക് ദമ്പതികളുടെ കുഞ്ഞിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്. സംസ്കൃതത്തിലുള്ളതാണ് പേര്.
ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ടിഎംസിയാണ് പേര് പുറത്തുവിട്ടിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് പ്രിയങ്കയും നിക്കും തങ്ങളുടെ പെണ്‍കുഞ്ഞിന് മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പേരിട്ടിരിക്കുന്നത്. മാള്‍ട്ടി എന്നത് ഒരു സംസ്കൃത വാക്കാണ്. ‘ചെറിയ സുഗന്ധപുഷ്പം അല്ലെങ്കില്‍ നിലാവ്’ എന്നാണ് അര്‍ത്ഥമാക്കുന്നത്.
സാന്‍ ഡിയാഗോയിലെ ആശുപത്രിയില്‍ ജനുവരി 15 ന് രാത്രി 8 മണിക്ക് ശേഷമാണ് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിക്കുന്നത്. ഇതേപ്പറ്റി ദമ്പതികള്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ജനുവരി 22 ന് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തതായി പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.