യുവനടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രത്തിന് ലഭിച്ചത്. കോരിച്ചൊരിയുന്ന മഴയിലും തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി കടുവ മുന്നേറുമ്പോൾ കടുവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിലാണ് ലിസ്റ്റിൻ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. ഓരോ സിനിമ ഇറങ്ങുമ്പോഴും ഹിറ്റ് ആകുമ്പോൾ വളരെ സന്തോഷം തോന്നുമെന്നും എന്നാൽ, കടുവ ഇറങ്ങിയപ്പോൾ കുറച്ച് കൂടുതൽ സന്തോഷം തോന്നിയെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. കാരണം, ഇത് തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ഇത് ഒരു വലിയ പ്രോസസ് ആയിരുന്നു. പിന്നെ ലീഗൽ ഇഷ്യൂസ് ഒക്കെ ഇതിനകത്ത് ഫേസ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ആദ്യം 30ന് റിലീസ് വെച്ചെങ്കിലും നടന്നില്ല. പിന്നെ ഏഴാം തീയതി റിലീസ് വെച്ചെങ്കിലും റിലീസ് നടക്കുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. കാരണം, തലേദിവസമാണ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയതെന്നും ലിസ്റ്റിൻ പറഞ്ഞു.
കടുവ ഒരു വൻ വിജയമാണെങ്കിൽ കടുവയ്ക്ക് രണ്ടാം ഭാഗം വരുമെന്നും ലിസ്റ്റിൻ വ്യക്തമാക്കി. പൃഥ്വിരാജിനെ സംബന്ധിച്ച് ഇങ്ങനത്തെ ഒരു അടിപ്പടം ചെയ്യണമെന്ന തോന്നലാണ് ഇത് ചെയ്യാൻ കാരണമായത്. അടി പടങ്ങളൊക്കെ വർക് ഔട്ട് ആകുമോ എന്ന് രാജു ചിന്തിച്ചാൽ ഈ പടം നടക്കില്ലായിരുന്നെന്നും ലിസ്റ്റിൻ പറഞ്ഞു. പുള്ളിക്ക് മാസ് പടങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും ഇനിയും അത്തരത്തിൽ ഒരുപാട് മാസ് പടങ്ങൾ ചെയ്യണമെന്നാണ് പൃഥ്വിരാജിന് ആഗ്രഹമെന്നും ലിസ്റ്റിൻ പറഞ്ഞു.
കടുവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇത് ഒരു വലിയ വിജയമാണെങ്കിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ഒരു നിർമാതാവ് എന്ന നിലയിൽ താൻ തന്നെ ഇക്കാര്യം അവരോട് പറഞ്ഞിട്ടുണ്ടെന്നും ലിസ്റ്റിൻ വ്യക്തമാക്കി. രണ്ടാം ഭാഗത്തിന്റെ കഥ പൂർണ രൂപത്തിൽ ആകുകയാണെങ്കിൽ അത് എടുക്കുന്നതാണ് റിസ്ക് ഇല്ലാത്തതാണെന്നും ലിസ്റ്റിൻ വ്യക്തമാക്കി. ഇതിന്റെയൊരു വിജയം രണ്ടാം ഭാഗവും തരുമെന്നും ലിസ്റ്റിൻ പറഞ്ഞു. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരു മാസ് പടവുമായി തിരിച്ചെത്തിയെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയി ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. സംയുക്ത മേനോൻ ആണ് നായിക.