നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് കടുവ. ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിൽ എത്തും. ജൂൺ 30ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാൽ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. സംവിധായകൻ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന നിലയിലും ‘കടുവ’ ആരാധകർ കാത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആക്ഷൻ – എന്റർടയിൻമെന്റിനായി ആരാധകർ കാത്തിരിക്കുകയാണ്.
അതേസമയം, ‘കടുവ’ ആരാധകർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ പൃഥ്വിരാജിന് പേടി ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയിൽ ‘കടുവ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ മാധ്യമങ്ങളോട് ആണ് ലിസ്റ്റിൻ ഇങ്ങനെ പറഞ്ഞത്. ‘മറ്റു ഭാഷകളിൽ നിന്നും വരുന്ന സിനിമകള്‍ നമ്മള് ഇവിടെ എടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിന് കയ്യടികള്‍ ഉയരുന്നു, ഭയങ്കര ഇനീഷ്യല്‍ ഉണ്ടാവുന്നു. റിയലിസ്റ്റിക് സിനിമകളാണ് നമ്മള് എടുത്തുകൊണ്ടിരിക്കുന്നത്. കടുവ പോലൊരു സിനിമ നമ്മള് ചെയ്തുകഴിഞ്ഞാല്‍ അവര്‍ ആ അര്‍ത്ഥത്തില്‍ തന്നെ എടുക്കുമോ എന്ന പേടിയാണ് രാജുവിന്.’ -എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.
അങ്ങനെ പറയുന്ന സമയത്ത് രാജു ധൈര്യം കാട്ടിയാലല്ലേ മറ്റുള്ളവര്‍ക്കും ധൈര്യം വരുകയുള്ളൂവെന്ന് താന്‍ പറയുമെന്നും അപ്പോൾ നമ്മള് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുമെന്ന് രാജുവിന് തോന്നുമെന്നും ലിസ്റ്റിൻ വ്യക്തമാക്കി. ‘പിന്നെ, രാജുവിന്റെ തീരുമാനം അറിയാമല്ലോ, വിജയിച്ചില്ലേലും കുഴപ്പമില്ല, ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്ന ലെവലിലാണ് രാജു ഇരിക്കുന്നത്. അതുകൊണ്ട് കടുവയില്‍ വീണ്ടുമൊരു പരീക്ഷണം നടത്തുകയാണ്,’ – ലിസ്റ്റിന് തുറന്നു പറഞ്ഞു. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്റോയ് ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്.