സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് കാശ് വാരുന്നത് അന്യഭാഷാ ചിത്രങ്ങളാണെന്ന് സിനിമ നിർമാതാക്കൾ. ഇതരഭാഷയിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് കാശ് വാരുമ്പോൾ മലയാള സിനിമ കാണാൻ തിയറ്ററിൽ ആളില്ല. ചെറിയ ബജറ്റിലുള്ള ചിത്രമടക്കം മുടക്കുമുതൽ തിരിച്ചു പിടിക്കാൻ കഴിയാതെ നിലംപൊത്തുകയാണ്. ഈ സാഹചര്യത്തിൽ നിർമാതാക്കൾ മാത്രമല്ല തിയറ്റർ ഉടമകളും പ്രതിസന്ധിയിലാണ്.
സിനിമ തിയറ്ററിൽ പണ്ട് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന വ്യക്തിയായ രാജു ഗോപി ചിറ്റത്ത്. ആ കാലത്തെ ആഗ്രഹമായിരുന്നു ഒരു സിനിമ പിടിക്കുകയെന്നത്. പിന്നീട് ആക്രി കച്ചവടത്തിലേക്ക് തിരിഞ്ഞപ്പോഴും സിനിമയെന്ന മോഹം അദ്ദേഹം മനസിൽ നിന്ന് കളഞ്ഞില്ല. അദ്ദേഹം ആദ്യമായി നിർമിച്ച ചിത്രമാണ് സാന്റക്രൂസ്. നൂറിൻ ഷെരീഫ് നായികയായി എത്തിയ ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക തിയറ്ററുകളിലും സിനിമ ഉണ്ടെങ്കിലും കാണാൻ ആളില്ല. സിനിമയല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് രാജു.
ഇനി ഒരു സിനിമയെപ്പറ്റി ആലോചിക്കുന്നുണ്ടോയെന്ന് രാജുവിനോട് ചോദിച്ചപ്പോൾ, ”എന്റെ പൊന്നേ ഇനി സിനിമയും വേണ്ട ഒന്നും വേണ്ട, ആത്മഹത്യയുടെ വക്കത്തെത്തും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു സ്വകാര്യ വാർത്ത ചാനലനോട് സംസാരിക്കവെയാണ് രാജു ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ മറ്റ് തിയറ്റർ ഉടമകളും രാജു പറഞ്ഞ കാര്യങ്ങൾ ശരി വെയ്ക്കുകയാണ്. ഒ ടി ടിയുടെ വരവ് സിനിമ ആസ്വാദനത്തിൽ വലിയ മാറ്റം വരുത്തിയെന്നാണ് അവർ പറയുന്നത്. താരസാന്നിധ്യവും ബജറ്റും കൊണ്ടും വലുപ്പമേറിയ ചിത്രങ്ങൾക്കായി മാത്രം തിയറ്ററിലേക്ക് എത്തുക എന്ന രീതിയിലേക്ക് പ്രേക്ഷകരും മാറി കഴിഞ്ഞുവെന്നാണ് തിയറ്റർ ഉടമകളുടെ സംഘടന വിലയിരുത്തുന്നത്.