ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് റോബിന് രാധാകൃഷ്ണന്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം റോബിനെ നായകനാക്കി നിര്‍മാതാവ് സന്തോഷ് ടി കുരുവിള സിനിമ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് ടി കുരുവിള. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിനു ശേഷം സിനിമ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ റോബിന് തന്നെ സമീപിച്ചിരുന്നുവെന്ന് സന്തോഷ് ടി കുരുവിള പറയുന്നു. ആവശ്യമില്ലാതെ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ റോബിന്റെ ചലച്ചിത്ര മോഹങ്ങളെ കേട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനും ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പറ്റിയ ആളുകളെ കണ്ടെത്താനായില്ല. വരാന്‍ പോവുന്ന പ്രൊജക്ടിനെക്കുറിച്ചുള്ള മീഡിയാ അപ്ഡേഷന്‍സും കൂടാതെ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേര്‍ത്തു.
സന്തോഷ് ടി കുരുവിളയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്, ബിഗ്ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനു മായ് പരിശ്രമങ്ങള്‍ എന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.
വരുവാന്‍ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്ഡേഷന്‍സും കൂടാതെ ശ്രീ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണ്.
ആ ഘട്ടത്തില്‍ തന്നെ ശ്രീ റോബിന് രാധാകൃഷ്ണന് മലയാളത്തിലെ നിരവധിയായ നിര്‍മ്മാതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.
കോവിഡാനന്തരം ,സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്.
അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിര്‍മ്മാണം ഒരു ബിസിനസ്സ് നിലയില്‍ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷന്‍തന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.
അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ അത് ഉപേക്ഷിയ്ക്കുകയും ചെയ്തേക്കാം.
ഡോ റോബിന് രാധാകൃഷ്ണന് സിനിമാ മേഖലയില്‍ സ്വപ്രയത്നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഉള്ളതായ് കരുതുന്നില്ല.
നിലവില്‍ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്പര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .