സംവിധായകൻ ലാൽ ജോസ് ആദ്യമായി സ്വതന്ത്രമായി ഒരുക്കിയ ചിത്രമായിരുന്നു ‘ഒരു മറവത്തൂർ കനവ്’. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി, എന്നിവർ ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ ഒരു പാട്ടിന് ഇടയിൽ ഉണ്ടായ രസകരമായ സംഭവം ഓർമിക്കുകയാണ് സിയാദ് കോക്കർ. ജാങ്കോ സ്പേസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിയാദ് കോക്കർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘മറവത്തൂർ കനവിലെ ഒരു സോങ് സീക്വൻസിൽ മമ്മൂട്ടിയും ഉണ്ടാവണം. മമ്മൂട്ടി ഡാൻസ് ചെയ്യണം. ഡാൻസ് ചെയ്യാൻ വലിയ താൽപര്യമില്ലാത്ത മനുഷ്യനാണ് മമ്മൂട്ടി. പുള്ളിക്ക് ഡാൻസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ലാൽ ജോസിനോട് വഴക്കിട്ട് പുറത്തുള്ള ഒരു കയർ കട്ടിലിൽ കിടക്കുകയാണ്. പക്ഷേ, ആ ഡാന്‍സ് സീക്വന്‍സ് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ മമ്മൂട്ടി വേണം. മമ്മൂട്ടി ഇല്ലാതെ ചെയ്യാൻ പറ്റില്ല. മടി പിടിച്ചിട്ടാണോ വഴക്കിട്ടിട്ടാണോ എന്നറിയില്ല. ഞാൻ ചെല്ലുമ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുകയാണ്.’
‘എന്നോട് ലാല്‍ ജോസ് വിവരങ്ങളൊക്കെ പറഞ്ഞു. ഞാന്‍ ചെന്ന് പുള്ളിയുടെ കൂടെ കട്ടിലില്‍ ഇരുന്നു. മമ്മൂക്ക ഇത് ചെയ്യാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചേ പറ്റത്തുള്ളോ എന്ന് ചോദിച്ചു. ഈ സീക്വന്‍സിന്റെ പ്രത്യേകത അതാണെന്ന് ഞാന്‍ പറഞ്ഞു. അതൊരു രസകരമായ അനുഭവമായിരുന്നു. വഴക്കോ വയ്യാവേലിയോ അല്ല, ഒരു തമാശ ആയിട്ടാണ് ഞാന്‍ അത് കണ്ടത്,’ സിയാദ് കോക്കര്‍ പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണന് നായകനാവുന്ന കുറിയാണ് സിയാദ് കോക്കറിന്റെ നിര്‍മാണത്തില്‍ ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.