പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹൃദയം ഈ വര്‍ഷത്തെ മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനോടൊപ്പം ഫെബ്രുവരി 18 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുക കൂടിയാണ് ഈ ചിത്രം. എന്നാലും ഈ സിനിമ തീയറ്ററില്‍ ഉണ്ടാകുമെന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം പറയുന്നത്. മലയാള സിനിമകള്‍ ഒടിടിയില്‍ വന്നാല്‍ പിന്നീട് തിയേറ്ററില്‍ നിന്ന് പിന്‍വലിക്കാറാണ് പതിവ് എങ്കിലും ആ രീതിയില്‍ നിന്ന് മാറി ഒറ്റിറ്റിക്ക് ഒപ്പം തന്നെ കേരളത്തിലെ തീയറ്ററുകളിലും ഹൃദയം തുടര്‍ന്ന് കളിക്കും.
കൊവിഡ് പ്രതിസന്ധി കാരണം ഞായാറാഴ്ച്ചകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹൃദയം തിയേറ്ററില്‍ റിലീസിന് എത്തിയത്. അത്കൊണ്ട് തന്നെ ആ സമയത്തു ഈ ചിത്രം താന്‍ റിലീസ് ചെയ്തത് തിയേറ്ററുകളെ പിന്തുണയ്ക്കുക എന്ന ഉദ്ദേശത്തിലാണ് എന്നും അദ്ദേഹം പറയുന്നു. ആ സാഹചര്യത്തില്‍ ഹൃദയം ഒടിടി റിലീസിന് ഒപ്പം തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന കാര്യത്തില്‍ എല്ലാ തീയറ്റര്‍ ഉടമകളും തങ്ങളോടൊപ്പം നില്ക്കും എന്നാണ് വിശാഖും വിനീതും വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും. കൊവിഡ് പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കില്‍ ഹൃദയം മലയാള സിനിമയുടെ റെക്കോഡ് ബ്രേക്കിങ്ങ് ഹിറ്റ് ആകുമായിരുന്നു എന്നും കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള സിനിമകളില്‍ ഹൃദയം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
മൂന്ന് ഞായറാഴ്ച്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, ഒറ്റിറ്റിയില്‍ കൊടുക്കാതെ, സിനിമ തിയേറ്ററില്‍ തന്നെ കളിപ്പിച്ച നിര്‍മ്മാതാവ് ആണ് വിശാഖ് സുബ്രമണ്യം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകള്‍ സി കാറ്റഗറിയായി തിയേറ്റര്‍ അടച്ചപ്പോഴും ഹൃദയം പ്രദര്‍ശനം തുടര്‍ന്നതും നിര്‍മ്മാതാവും സംവിധായകനും എടുത്ത ധീരമായ തീരുമാനം ആണ്. ഇതിനിടക്ക് തിയേറ്റര്‍ അടഞ്ഞ് പോയപ്പോള്‍ രണ്ട് ആഴ്ച്ച കഴിഞ്ഞ് ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള ഓഫറും അതുപോലെ ഈ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാനുള്ള വമ്പന്‍ തുകയുടെ ഓഫറും വന്നിട്ടും അത് ചെയ്യാതെ ഹൃദയം തീയറ്ററില്‍ തന്നെ എത്തിച്ചത് സിനിമ തീയറ്ററുകളില്‍ തന്നെ കളിക്കണം എന്ന ആഗ്രഹത്തോടെ ആണ്. അങ്ങനെ ഒരു നിര്‍മ്മാതാവും എടുക്കാത്ത ധീരമായ തീരുമാനം എടുത്തത് കൊണ്ടാണ് നാലാഴ്ച കഴിഞ്ഞു ഒടിടിയില്‍ കൊടുത്താലും അതിനൊപ്പം തീയറ്ററില്‍ കളിപ്പിക്കാനുള്ള അനുവാദവും തീയറ്റര്‍ സംഘടന തരണമെന്നും ആവശ്യപ്പെടുന്നത് എന്നും വിശാഖ് പറഞ്ഞു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തില്‍ തീയറ്ററുകളെ പിന്തുണച്ച ഒരു നിര്‍മ്മാതാവിനെ തിരിച്ചു പിന്തുണക്കുന്നില്ല എങ്കില്‍ പിന്നെ നമുക്ക് സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നവരെ കുറ്റം പറയാന്‍ കഴിയില്ല എന്നും വിശാഖ് കൂട്ടിച്ചേര്‍ക്കുന്നു. അത്കൊണ്ട് തന്നെ ഫിയോകിന്റെ ഭാഗത്തു നിന്നും ഹൃദയത്തിനു അത്തരത്തില്‍ ഒരു പിന്തുണ വളരെ അതാവശ്യമാണ് എന്ന് തന്നെയാണ് പ്രേക്ഷക സമൂഹവും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി പതിനെട്ടിന് ആണ് മോഹന്‍ലാല്‍ നായകനായ ആറാട്ട് റിലീസ് ചെയ്യുന്നത്. വമ്പന്‍ റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന് ഒപ്പം തന്നെ ഹൃദയവും തീയറ്ററുകളില്‍ തുടരും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വിനീത് ശ്രീനിവാസന് രചിച്ചു സംവിധാനം ചെയ്ത ഹൃദയം വിനീതിന്റെ കരിയറിലെയും ഏറ്റവും വലിയ വിജയമാണ്. ബി ഉണ്ണികൃഷ്ണന് ഒരുക്കിയ ആറാട്ട് എന്ന ചിത്രം ഒരു മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ ആണ്. ഉദയകൃഷ്ണ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ബി ഉണ്ണികൃഷ്ണന് ആണ്. ആറാട്ട് കൂടി എത്തുന്നതോടെ അച്ഛന്റെയും മകന്റെയും സിനിമകള്‍ ഒരേ സമയം തീയറ്ററുകള്‍ നിറച്ചു കൊണ്ട്, പ്രേക്ഷകരെ തിരിച്ചു കൊണ്ടു വരുന്ന അപൂര്‍വ കാഴ്ചയും മലയാള സിനിമയില്‍ കാണാന്‍ സാധിക്കും.