ജനപ്രിയനായകൻ ദിലീപ് നായകനായി എത്തിയ ചിത്രം ബാന്ദ്രയ്ക്ക് എതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ യുട്യൂബർമാർക്ക് എതിരെ കേസ് എടുക്കണമെന്ന് കോടതിയിൽ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സിനിമയുടെ നിർമാതാക്കളായ അജിത്ത് വിനായക ഫിലിംസ് ആണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. യുട്യൂബർമാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.
സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. കേസ് എടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്ന് നിർമ്മാണ കമ്പനി ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര നവംബർ 10ന് ആയിരുന്നു റിലീസ് ചെയ്തത്. ദിലീപും തമന്നയും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ബാന്ദ്ര. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്ഷന്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. പി ആർ ഒ – ശബരി.