നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഷെയ്ന് നിഗം പ്രശ്നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മുതിര്‍ന്ന താരങ്ങളുടെ ഷൂട്ടിംഗ് സെറ്റില്‍നിന്ന് ഷെയ്ന് നിഗം അര്‍ദ്ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിംഗ് മുടങ്ങിയെന്നായിരുന്നു പ്രമുഖ സിനിമാ ഗ്രൂപ്പുകള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ആര്‍ഡിഎക്സിന്റെ ഷൂട്ടിംഗ് സുഗമമായി പുരോഗമിക്കുന്നുവെന്ന സൂചന നല്കുന്ന വിഡിയോ പങ്കുവച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് രംഗത്തെത്തി. ഷെയ്ന് നിഗവും വിഡിയോ പങ്കുവച്ചു.
View this post on Instagram
‘ആര്‍ഡിഎക്സിന്റെ സെറ്റില്‍ വീണ്ടും പ്രശ്നങ്ങള്‍. മുതിര്‍ന്ന അഭിനേതാക്കളായ ലാല്‍, ബാബു ആന്റണി ബൈജു സന്തോഷ് സഹതാരങ്ങളായ ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പമുള്ള ഷൂട്ടിംഗ് നടക്കുന്നതിനിടെ അര്‍ധരാത്രി ഷെയ്ന് നിഗം സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഷെയ്നിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം ഷൂട്ടിംഗ് പലതവണ തടസ്സപ്പെട്ടു. ഷൂട്ടിംഗിനിടെ നിരവധി വാക്കേറ്റങ്ങളും പ്രടകനങ്ങളും നടത്തിയ ഷെയ്ന് ആര്‍ഡിഎക്സ് ടീമിനോട് തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ അസോസിയേഷന് മേധാവികളുമായി ചേര്‍ന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കിക്കൊണ്ടിരിക്കുകയാണ്’; ഇതായിരുന്നു സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള ട്വീറ്റുകളില്‍ പങ്കുവച്ച വിവരം. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രശ്നങ്ങള്‍ അണിയറപ്രവര്‍ത്തകരും അസോസിയേഷനും ഇടപെട്ട് പരിഹരിച്ചെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏഴ് ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിങ്ങനെയാണ് ആ കഥാപാത്രങ്ങളുടെ പേരുകള്‍. ഇതില്‍ ഷെയ്ന് അവതരിപ്പിക്കുന്ന കഥാപാത്രമാണ് റോബര്‍ട്ട്. ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷബാസ് റഷീദ്, ആദര്‍ശ് സുകുമാരന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഐമ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാര്‍. ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാം സി എസ് ആണ്. ദക്ഷിണേന്ത്യയിലെ വമ്പന്‍ സിനിമകളുടെ ആക്ഷന്‍ കോറിയോഗ്രാഫറായ അന്‍പറിവാണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. അലക്സ് ജെ പുളിക്കീലാണ് ഛായാഗ്രാഹകന്‍. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്, പിആര്‍ഒ വാഴൂര്‍ ജോസ്.