കഴിഞ്ഞദിവസമാണ് നടൻ ബാലയെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബോധരഹിതനായ അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഐ സി യുവിൽ കഴിയുന്ന അദ്ദേഹത്തെ നടൻ ഉണ്ണി മുകുന്ദനും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും സന്ദർശിച്ചു. ബാദുഷ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്.
“ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.’ – ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ, കരൾ രോഗ ചികിത്സയുടെ ഭാഗമായി ബാല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒരാഴ്ച മുമ്പ് ആയിരുന്നു ഇത്. എന്നാൽ, കരുനാഗപ്പള്ളിയിലെ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് എത്തുകയായിരുന്നു. കഴിഞ്ഞദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.