അവഗണിക്കപ്പെടുന്നവരും സ്വന്തമായി ഒരു വേദി ലഭിക്കാത്തവരുമായ കലാകാരൻമാർക്കായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ് ആണ് ദുൽഖർ സൽമാൻ ഫാമിലി[DQF]. കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിൽ ഔദ്യോഗികമായി രൂപം കൊണ്ട കമ്മ്യൂണിറ്റിയിൽ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്.
കഴിഞ്ഞ ഇരുന്നൂറ് വർഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോൾ ദേശത്തെ പുലികളി കലാകാരൻമാരെ ഗോൾഡൻ മെമ്പർഷിപ്പ് നൽകി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീർത്തിരിക്കുകയാണ് ഇപ്പോൾ. അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ പബ്ലിസിറ്റി കൺവീനർ കൃഷ്ണപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി പ്രസിഡണ്ട് രാധാകൃഷ്ണൻ മൂകാംബിക അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീകൃഷ്ണൻ, വൈസ് പ്രസിഡൻറ് റിട്ടയഡ് ഡിവൈഎസ്പി രാമചന്ദ്രൻ ആലപ്പാട്, ദുൽഖർ സൽമാൻറെ നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ കമ്പനിയായ വേഫെറർ ഫിലിംസിന്റെ സി ഇ ഒ ബിപിൻ പെരുമ്പിള്ളി, ചലച്ചിത്ര സംവിധായകൻ ടോം ഇമ്മട്ടി, വൈസ് പ്രസിഡണ്ട്മാരായ ഷാജി ഗോവിന്ദ്, കരാട്ട് ഉണ്ണികൃഷ്ണൻ, എന്നിവരടക്കം നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ സുരേഷ് ജേക്കബ് നന്ദി രേഖപ്പെടുത്തി.
DQFന്റെ മറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്. ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്.