റെക്കോർഡുകൾ തകർത്ത് കെ ജി എഫ് ചാപ്റ്റർ ടു തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ ഇതിനിടയിൽ വൈറലാകുന്നത് മറ്റൊരു വാർത്തയാണ്. കെ ജി എഫിന്റെ റെക്കോർഡ് തകർക്കാൻ പുഷ്പയുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് നിർത്തിവെച്ചു എന്നതാണ് വാർത്ത. യഷ് നായകനായ എത്തിയ കെ ജി എഫ് ചാപ്റ്റർ ടുവിന്റെ വൻ വിജയമാണ് പുഷ്പ രണ്ടാംഭാഗം ഷൂട്ടിംഗ് നിർത്തി വെക്കാൻ കാരണം. പുഷ്പ രണ്ടാം ഭാഗം കെ ജി എഫ് ചാപ്റ്റർ 2നേക്കാൾ വിജയമാകണമെന്ന സംവിധായകൻ സുകുമാറിന്റെ ആഗ്രഹമാണ് ഷൂട്ടിംഗ് നിർത്തിവെക്കാൻ കാരണം.
നിലവിൽ പുഷ്പ രണ്ടാം ഭാഗത്തിന്റെ തിരക്കഥ മാറ്റി എഴുതുന്ന തിരക്കിലാണ്. തിരക്കഥയിൽ മാറ്റം വരുത്തി ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനം. കെ ജി എഫിനും അപ്പുറം ചിത്രത്തെ എത്തിക്കണമെങ്കിൽ മികച്ച മേക്കിങ്ങിന് ഒപ്പം ശക്തമായ തിരക്കഥയും ഉണ്ടെങ്കിലേ സാധ്യമാകൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിൽ പുഷ്പയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനം. പുഷ്പയ്ക്ക് പുതിയ തിരക്കഥ ഉണ്ടായി വരുന്ന ഇടവേളയിൽ അല്ലു അർജുൻ മറ്റൊരു ചിത്രത്തിൽ അഭിനയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് പുഷ്പ സിനിമയുടെ ആദ്യഭാഗത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി നേടി എന്നാണ് സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. അല്ലു അർജുൻ എന്ന സ്റ്റാറിന്റെ വിജയമാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 100 കോടി ക്ലബിൽ കേറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.