പുഴു സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. എറണാകുളത്തെ ട്രിബ്യൂട്ട് റോയൽ ഹോട്ടലിൽ വെച്ച് നടന്ന വിജയാഘോഷ പരിപാടിയിൽ മമ്മൂട്ടി ഉൾപ്പെടെ സിനിമയുടെ മുൻനിരയിലും പിൻനിരയിലും പ്രവർത്തിച്ചവർ ചടങ്ങിൽ പങ്കെടുത്തു. സംവിധായിക റത്തീന, നായിക പാർവതി തിരുവോത്ത്, മറ്റ് അഭിനേതാക്കൾ, തിരക്കഥാകൃത്തുക്കൾ, മറ്റ് അണിയറപ്രവർത്തകർ എന്നിവർ വിജയാഘോഷത്തിൽ പങ്കെടുക്കാനായി എത്തി. മമ്മൂട്ടി തന്റെ പുത്തൻ പോർഷേ കാറിലാണ് വിജയാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
മെയ് 13ന് ആയിരുന്നു നവാഗത സംവിധായികയായ റത്തീന ഒരുക്കിയ പുഴു സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകതയും പുഴുവിന് ഉണ്ടായിരുന്നു. വ്യത്യസ്തമായ ലുക്കിലും ഭാവത്തിലും ആയിരുന്നു പാർവതി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോർജ് ആണ് ചിത്രം നിർമിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കൾ ആയിരുന്നു. വിതരണവും വേഫെറർ ഫിലിംസ് ആയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് റോളിൽ ആണെന്നുള്ള പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷാദ് കഥയൊരുക്കിയ ചിത്രമായിരുന്നു പുഴു. വൈറസ് എന്ന ചിത്രത്തിന് ശേഷം ഷറഫ് – സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് എന്നിവരും ചിത്രത്തിലുണ്ട്. തേനി ഈശ്വരാണ് ചിത്രത്തിന്റെ ക്യാമറ.