ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന ചിത്രം ‘തല്ലുമാല’യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നാട്ടുകാരുമായി സംഘർഷം. സാധനങ്ങൾ ഇറക്കുന്നതിനെ ചൊല്ലി ആയിരുന്നു തർക്കം ആരംഭിച്ചത്. പിന്നീട് ഇത് വാക്കേറ്റവും തുടർന്ന് സംഘർഷവുമായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ഷൂട്ടിംഗ് തടസപ്പെടുത്തി. സിനിമ പ്രവർത്തകരെ നാട്ടുകാർ തടഞ്ഞു വെക്കുകയും ചെയ്തു.
അതേസമയം, വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടൻ ഷൈൻ ടോം ചാക്കോ മർദ്ദിച്ചെന്നും നാട്ടുകാർ ആരോപിച്ചു. ഒരേ നാട്ടിൽ ഒരുമിച്ച് നിന്ന് വർക്ക് ചെയ്യേണ്ട ആൾക്കാരല്ലേ നമ്മളെന്നും കുറച്ച് വെയിസ്റ്റ് ഉണ്ടെങ്കിൽ തങ്ങളത് നേരെയാക്കി തരുമെന്നും ഷൈൻ ടോം ചാക്കോ പരാതി ഉന്നയിച്ചവരോട് പറഞ്ഞു. എച്ച് എം ടി മാപ്പിളാസ് ഗോഡൗണിൽ വെച്ച് നടക്കുകയായിരുന്ന സിനിമ സെറ്റിൽ ആണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. പൊതു നിരത്തിൽ വണ്ടി പാർക്ക് ചെയ്യുന്നതും വെയ്സ്റ്റ് ഇടുന്നത് സംബന്ധിച്ചും വാക്കേറ്റം നടന്നു.
ചോദ്യം ചെയ്ത നാട്ടുകാരെ അണിയറ പ്രവർത്തകരും ഷൈൻ ടോം ചാക്കോയും വാക്കേറ്റം നടത്തിയെന്നും തല്ലിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ താൻ സീനിലെ ഉണ്ടായിരുന്നില്ല എന്ന് ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. സ്ഥലത്ത് എത്തിയ പൊലീസ് തുടർന്ന് ഇരുകൂട്ടരുമായി സംസാരിച്ചു. തുടർന്ന് ഇരു സംഘങ്ങളെയും അനുനയിപ്പിച്ച് വലിയ സംഘർഷത്തിൽ നിന്ന് ഒഴിവാക്കി. ടോവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരാണ് തല്ലുമാലയിലെ പ്രധാന കഥാപാത്രങ്ങൾ. ഖാലിദ് റഹ്മാൻ ആണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിൻ പെരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. കളമശ്ശേരിയിലാണ് സംഭവം. ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.