കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ കൂടി പ്രഖ്യാപിച്ചതോടെ സെക്കന്‍ഡ് ഷോയും മുടങ്ങുന്ന അവസ്ഥയായതോടെ പല വന്‍ ചിത്രങ്ങളും റിലീസ് നീട്ടുകയാണ്. പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ‘രാധെ ശ്യാമിന്റെ റിലീസും നീട്ടി. ജനുവരി 14നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രം മാര്‍ച്ച് മാസത്തിലേയ്ക്ക് നീട്ടുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
അതേ സമയം റിലീസ് നീട്ടാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യമായിരിക്കുകയാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ‘സാഹൊ’യ്ക്കു ശേഷം പ്രഭാസിന്റേതായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
രാജമൗലിയുടെ ആര്‍ആര്‍ആര്‍, അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീട്ടിയിട്ടുണ്ട്. അജിത് കുമാര്‍ നായകനാകുന്ന ‘വലിമൈ’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു വമ്പന്‍ ചിത്രം. ജനുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റ ‘സല്യൂട്ട്’ എന്ന സിനിമയും അതേദിനം കേരളത്തില്‍ റിലീസിനെത്തുന്നുണ്ട്. അയ്യപ്പനും കോശിയുടെയും തെലുങ്ക് പതിപ്പായ ‘ഭീംല നായക്കി’ന്റെയും റിലീസ് ജനുവരിയില്‍ നിന്നും ഫെബ്രുവരി 25ലേക്ക് മാറ്റിയിരുന്നു.