തലൈവർ രജനികാന്തിനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന ദർബാറിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് നടനും സംവിധായകനും ഡാൻസറുമായ രാഘവ ലോറൻസ് നടത്തിയ പരാമർശം വൻ വിവാദത്തിനാണ് തിരി കൊളുത്തിയത്. ചെറുപ്പത്തിൽ തലൈവർ ആരാധകൻ ആയിരുന്നതിനാൽ കമൽഹാസന്റെ പോസ്റ്ററുകളിൽ ചാണകം വാരി എറിയുമായിരുന്നു എന്നാണ് ലോറൻസ് പറഞ്ഞത്. എന്നാൽ താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ വളച്ചൊടിക്കുകയാണ് എല്ലാവരും ചെയ്തതെന്ന ന്യായീകരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ദർബാർ ഓഡിയോ ലോഞ്ചിലെ എന്റെ പ്രസംഗത്തിന് ശേഷം നിരവധി പോസ്റ്റുകളിൽ ഞാൻ കമൽ സാറിന്റെ പോസ്റ്ററുകളിൽ ചാണകം വാരിയെറിയും എന്നുള്ളത് മാത്രം ഹൈലൈറ്റ് ചെയ്തിരിക്കുന്നത് കണ്ടു. ദയവായി വീഡിയോ മുഴുവൻ കാണുക. അതിൽ ഞാൻ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നു പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ന് ഇരുവരും കൈയ്യോട് കൈ ചേർത്ത് സുഹൃത്തുക്കളായി നടക്കുന്നത് കാണുമ്പോൾ ഞാൻ വളരെ സന്തോഷവാനാണ് എന്നും പറഞ്ഞിട്ടുണ്ട്. കമൽ സാറിനോട് എനിക്ക് എന്നും വലിയ ബഹുമാനമാണ് ഉള്ളത്. ആരോടെങ്കിലും ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കാൻ ഒരിക്കലും മടിക്കാറില്ല. പക്ഷേ ഇക്കാര്യത്തിൽ ഞാൻ തെറ്റായിട്ട് ഒന്നും പറഞ്ഞിട്ടില്ല എന്ന് വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. ചിലർ ഇത് മനഃപൂർവം വളച്ചൊടിക്കുവാൻ ശ്രമിക്കുന്നു. എന്റെ ഹൃദയത്തിൽ കമൽ സാറിനോട് എത്രത്തോളം ബഹുമാനവും സ്നേഹവും ഉണ്ടെന്ന് എനിക്ക് നന്നായിട്ട് അറിയാം. ഇനി ഈ കാര്യത്തിൽ ആരോടും വിശദീകരിക്കാനോ സത്യം ബോധ്യപ്പെടുത്താനോ ഞാൻ ആഗ്രഹിക്കുന്നില്ല.