കേരളത്തേയും ഉത്തര്‍പ്രദേശിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് രാഹുല്‍ ഈശ്വര്‍. രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്ത് കേരളമാണ് മുന്നില്‍ എന്നുള്ള വാദം തെറ്റാണ്. കേരളത്തില്‍ മൂന്നരക്കോടിയാണ് ജനസംഖ്യ. ഉത്തര്‍പ്രദേശില്‍ 20 കോടിയോളം വരും. ജനസംഖ്യ ഇങ്ങനെയാണെന്നിരിക്കെ രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്യുന്നത് ശരിയാണോ എന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
ഉത്തര്‍പ്രദേശ് ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഏറ്റവും വലിയ രാജ്യമായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ യുപിയുടെ ഉള്‍ഗ്രാമങ്ങളിലെല്ലാം പ്രശ്നമുണ്ട്. ഏറ്റവും മികച്ച രീതിയിലാണ് യോഗി ആദിത്യനാഥ് പ്രവര്‍ത്തിക്കുന്നതെന്നും ഒരുപാട് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവന്നുവെന്നും യൂസഫലിയടക്കം പറഞ്ഞതാണ്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങളുമൊക്കെയായി യുപി താരതമ്യം ചെയ്യാന്‍ പറ്റുമോ. ഒരു സാഹചര്യം വരുമ്പോള്‍ യുപിയെ കുറ്റം പറയുന്നതില്‍ എന്താണര്‍ത്ഥമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
കേരളത്തിനെതിരെ യോഗി ആദിത്യനാഥ് വിമര്‍ശനം തുടര്‍ന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കേരളത്തിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും യോഗി ചോദിച്ചിരുന്നു. നേരത്തേയും കേരളത്തിനെതിരെ യോഗി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.