ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത രജനികാന്ത് ചിത്രമാണ് ‘ജയിലർ’. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ജയിലർ. ജൂൺ 17നാണ് ചിത്രം പ്രഖ്യാപിച്ചത്. അന്നുമുതൽ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സൺ പിക്ചേഴ്സ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
കഴിഞ്ഞദിവസം സൺ പിക്ചേഴ്സ് ‘ജയിലർ’ സിനിമയുടെ ഒരു പ്രധാന അപ്ഡേറ്റ് ഓഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഗൗരവം നിറഞ്ഞ കണ്ണുകളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. കൈകൾ പിറകിൽ കെട്ടി നെഞ്ചും വിരിച്ച് ആണ് ഫസ്റ്റ് ലുക്കിൽ തലൈവർ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നുമുതൽ ആരംഭിക്കുകയാണ്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ് ‘ജയിലർ’. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സിനിമയിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം – വിജയ് കാര്‍ത്തിക് കണ്ണന്. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണ് ജയിലർ. കോളിവുഡ് ആവേശത്തോടെ കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത് എന്നാണ് വിവരം. അതേസമയം, ഇതിൽ വ്യക്തത വന്നിട്ടില്ല. രമ്യ കൃഷ്ണനും ഒരു പ്രധാനവേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒരു ചിത്രത്തിൽ ഒരുമിച്ച് എത്തുന്നത്.