വർഷങ്ങളായി തന്റെ കൂടെയുള്ള അസിസ്റ്റന്റിന് കാൻസർ ബാധിച്ചിട്ട് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സഹായിച്ചില്ല എന്ന വാർത്തയാണ് ഇപ്പോൾ തമിഴകമാകെ നിറഞ്ഞു നിൽക്കുന്നത്. കാൻസർ ബാധിതനായ വ്യക്തിയുടെ മകന്റെ സുഹൃത്തുക്കൾ ചികിത്സക്കായി പൊതുജനങ്ങളിൽ നിന്നും പണം സംഭരിക്കുവാൻ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴിതാ രജനികാന്തിന്റെ അസ്സിസ്റ്റന്റും കാൻസർ ബാധിതനുമായ സുധാകർ തന്നെ ഈ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. വർഷങ്ങളായി തലൈവരുടെ നിഴൽ പോലെ കൂടെയുള്ള സുധാകർ രജിനി മക്കൾ മന്ത്രത്തിന്റെ പ്രധാന നേതാക്കന്മാരിൽ ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കിഡ്നിക്ക് കാൻസർ ബാധിച്ച അദ്ദേഹം ചിലവേറിയ ചികിത്സയിലാണ്. സോഷ്യൽ മീഡിയയിലൂടെയാണ് സുധാകർ ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.
“തലൈവർ രജനികാന്തിന്റെ സൽപേരിന് കളങ്കം വരുത്തുവാൻ വ്യാജമായ ഒരു ആരോപണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ അദ്ദേഹം എന്നെ സഹായിച്ചില്ല എന്നത് തീർത്തും തെറ്റായ വാർത്തയാണ്. രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിഞ്ഞ ഒരു കൊല്ലമായി എന്റെ കിഡ്നി കാൻസർ ട്രീറ്റ്മെന്റിനുള്ള പണം മുടക്കുന്നത് അദ്ദേഹം തന്നെയാണ്. ഇപ്പോഴും എനിക്ക് സാമ്പത്തികവും ധാർമികവുമായി പിന്തുണയോടെ നിൽക്കുന്നത് അദ്ദേഹം തന്നെയാണ്. അതിന് ഞാനും എന്റെ കുടുംബവും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. എന്റെ അറിവില്ലാതെയാണ് എന്റെ മകന്റെ സുഹൃത്തുക്കൾ എന്റെ ചികിത്സക്കായി പൊതുജനങ്ങളിൽ നിന്നും പണം സംഭരിക്കുവാൻ ശ്രമിച്ചത്. തലൈവർ എന്നെ സഹായിക്കാത്തത് കൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത് എന്നത് തികച്ചും വാസ്തവവിരുദ്ധമാണ്. എന്റെ തലൈവരുടെ സൽപ്പേരിനും വ്യക്തിത്വത്തിനും ഇതിനാൽ ഏർപ്പെട്ട കളങ്കത്തിന് ഞാൻ മാപ്പ് ചോദിക്കുന്നു.” സുധാകർ കുറിച്ചു.
ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം നിർവഹിക്കുന്ന ജയിലർ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ പകുതിയിലേറെ ചിത്രീകരണം ഇതിനകം പൂർത്തിയായി. മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ലാൽ സലാം എന്ന ചിത്രത്തിൽ ശക്തമായൊരു ഗസ്റ്റ് റോളിലും അദ്ദേഹം എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ. പഴയകാല നടി ജീവിത രാജശേഖറും ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരികെ വരുന്നുണ്ട്.