ലോകമെമ്പാടും കോടികണക്കിന് ആരാധകരുള്ള തലൈവർ രജനികാന്തിന്റെ കാല ജൂൺ 7ന് ലോകമെമ്പാടുമായി 10000ഓളം തീയറ്ററുകളിൽ എത്തുകയാണ്. സൂപ്പർഹിറ്റ് ചിത്രം കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. മുംബൈ അധോലോകത്തിന്റെ ഇന്നേവരെ കാണാത്ത ഒരു കാഴ്ച തന്നെയായിരിക്കും കാല എന്നുറപ്പ്. മരുമകൻ കൂടിയായ നടൻ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ പ്രൊഡക്ഷൻസും സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിൽ മാത്രമായി ഏകദേശം 300ഓളം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ ജപ്പാൻ, അമേരിക്ക, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലുമുള്ള പ്രേക്ഷകരിലേക്ക് ഒരേസമയം ചിത്രമെത്തിക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറപ്രവൃത്തകർ. ബോളിവുഡ് നടൻ നാനാ പടേക്കറും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലറും പോസ്റ്ററുകളും സന്തോഷ് നാരായണൻ ഈണമിട്ട ഗാനങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
തലൈവരുടെ വേറിട്ട ലുക്കും സംസാരവിഷയമാണ്. ചിത്രത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ ചിത്രമല്ലെന്ന് രജനികാന്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാലയുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് മിനി സ്റ്റുഡിയോസാണ്. തലൈവരുടെ ഒരു കിടിലൻ പ്രകടനത്തിനായി തന്നെയാണ് പ്രേക്ഷകർ ഏവരും കാത്തിരിക്കുന്നത്. രജനികാന്തിന്റേതായി ശങ്കർ സംവിധാനം നിർവഹിക്കുന്ന എന്തിരന്റെ രണ്ടാം ഭാഗം 2.0ഉം അണിയറയിൽ പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്.