മലയാളസിനിമയിൽ തരംഗം സൃഷ്ടിച്ച ചിത്രങ്ങൾ അന്യഭാഷകളിൽ റീമേക്ക് അവകാശം സ്വന്തമാക്കുന്ന കാഴ്ചയാണ് മലയാള സിനിമാപ്രേമികൾക്ക് ഇപ്പോൾ കാണാൻ കഴിയുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായരുന്നു ലൂസിഫർ. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലൂസിഫർ തെലുങ്കിൽ റീമേക്ക് ചെയ്ത ഗോഡ്ഫാദർ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രമായാണ് ഗോഡ്ഫാദറിൽ ചിരഞ്ജീവി എത്തുന്നത്. ലൂസിഫർ സിനിമയിൽ താൻ തൃപ്തനായിരുന്നില്ലെന്നും അതിനാൽ തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നതെന്നും കഴിഞ്ഞദിവസം ചിരഞ്ജീവി പറഞ്ഞിരുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഗോഡ്ഫാദർ എന്നും ചിരഞ്ജീവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഏതായാലും ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് റിലീസ് ദിവസം മറ്റൊരു റീമേക്ക് വാർത്തയാണ് എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘ഭീഷ്മപർവം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് സിനിമാമേഖലയിൽ നിന്ന് എത്തുന്ന ഏറ്റവും പുതിയ വാർത്ത. രാം ചരൺ ആണ് ഭീഷ്മപർവം സിനിമയുടെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് ട്രാക്കർ എന്ന ട്വിറ്റർ പേജ് ആണ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും പുറത്തുവന്നിട്ടില്ല.
#RamCharan Acquire The Telugu Remake Rights Of #MegastarMammootty‘s Recent Blockbuster Malayalam Movie #BheeshmaParvam !
— South Tracker (@SouthTracker) October 4, 2022
അതേസമയം, ആരാധകർ അത്ര ആവേശമില്ലാതെയാണ് ഈ റീമേക്ക് വാർത്തയോട് പ്രതികരിച്ചിരിക്കുന്നത്. ‘അച്ഛൻ ചിരഞ്ജീവി തന്നെയാണ് അഞ്ഞൂറ്റിയിൽ മൈക്കിൾ എങ്കിൽ നോക്കണ്ട’, ‘സ്റ്റീഫന്റെ അവസ്ഥ തന്നെ മൈക്കിൾ അപ്പനും വരും’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ റീമേക്ക് ആയ ഗോഡ്ഫാദറിന്റെ ട്രയിലർ ഇറങ്ങിയപ്പോൾ വലിയ തോതിലുള്ള ട്രോളുകൾ ആയിരുന്നു വന്നത്. മെഗാസ്റ്റാർ ഇക്കയ്ക്ക് പകരം ആരും പകരക്കാരാവില്ലെന്ന് ആരാധകർ ട്വീറ്റിന് മറുപടി ട്വീറ്റ് ആയി കുറിക്കുന്നു. ഏതായാലും ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.