എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കേസ്. ജൂണ്‍ 22 ലെ രാം ഗോപാല്‍ വര്‍മയുടെ ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് നടപടി. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് കോല്വാലിയിലെ മനോജ് സിന്‍ഹയാണ് രാം ഗോപാല്‍ വര്‍മയ്ക്കെതിരെ പരാതി നല്‍കിയത്.
ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ‘ദ്രപൗദിയാണ് രാഷ്ട്രപതിയെങ്കില്‍ ആരാണ് പാണ്ഡവര്‍? അതിലും പ്രധാനമായി, ആരാണ് കൗരവര്‍?.”എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ബി.ജെ.പി നേതാക്കളായ ഗുഡൂര്‍ റെഡ്ഡിയും ടി നന്ദേശ്വര് ഗൗറും രാം ഗോപാല്‍ വര്‍മയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ട്വീറ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രാംഗോപാല്‍ വര്‍മ രംഗത്തെത്തിയിരുന്നു. തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു വിശദീകരണം. മറ്റൊരു തരത്തിലും ഉദ്ദേശിച്ചിട്ടില്ലെന്നും മഹാഭാരതത്തിലെ ദ്രൗപദി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ഈ പേര് വളരെ അപൂര്‍വമായതിനാല്‍ അവരുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ താന്‍ ഓര്‍ത്തു. അതാണ് താന്‍ ഉദ്ദേശിച്ചതെന്നും ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി. ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ചും പുകഴ്ത്തിയുമുള്ള ഒരു ട്വീറ്റും അദ്ദേഹം പങ്കുവച്ചിരുന്നു.