അനൂപ് മേനോൻ നായകനായി എത്തിയ ചിത്രം 21 ഗ്രാംസ് തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബുക്ക് മൈ ഷോയുടെ റേറ്റിംഗിൽ ഭീഷ്മപർവ്വത്തെ പിന്നിലാക്കിയാണ് 21 ഗ്രാംസിന്റെ റേറ്റിംഗ്. വലിയ പരസ്യങ്ങളില്ലാതെ എത്തിയ 21 ഗ്രാംസിന് പ്രേക്ഷകർ വൻ സ്വീകരണമാണ് നൽകിയത്. കണ്ടവർ സിനിമയ്ക്ക് നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് തന്നെയാണ് സിനിമയുടെ വിജയവും. ഇപ്പോൾ സിനിമയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി.
‘വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല… സിനിമ കണ്ടു… കണ്ടവർ പറയുന്ന വാക്കുകൾ ആണ് ഈ സിനിമയുടെ വിജയം, ബിബിൻ റെനീഷ്.. അഭിനന്ദങ്ങൾ.. ഒപ്പം അനൂപേട്ടനും.’ ഇങ്ങനെയാണ് രമേഷ് പിഷാരടിയുടെ വാക്കുകൾ. നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ’21 ഗ്രാംസ്’ മാർച്ച് 18നാണ് തിയറ്ററുകളിൽ എത്തിയത്. വളരെ വ്യത്യസ്തമായ ഒരു ത്രില്ലറാണ് ചിത്രമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമയുടെ ക്ലൈമാക്സ് ആണ് കൈയടികൾ ഏറ്റുവാങ്ങുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ അനൂപ് മേനോന് ഒപ്പം വൻ താരങ്ങളാണ് എത്തിയിരിക്കുന്നത്. ചിത്രത്തിൽ ലിയോണ ലിഷോയ് ആണ് നായികയായി എത്തുന്നത്. അഞ്ചാം പാതിര, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ത്രില്ലർ ചിത്രമാണ് 21 ഗ്രാംസ്. സംവിധായകൻ ബിബിൻ കൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനു മോഹൻ, രൺജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.