ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. മുംബൈ ചെമ്പൂരിലെ ആര്.കെ ഹൗസിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ചിത്രങ്ങള്‍ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നാല് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്. പഞ്ചാബി രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങില്‍ സിനിമ, രാഷ്ട്രീയ, വ്യവസായ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന് ഭട്ട് തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഞായറാഴ്ച വിവാഹ സല്‍ക്കാരം നടക്കും. സബ്യസാചിയും മനീഷ് മല്‍ഹോത്രയും രൂപകല്പന ചെയ്ത വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിഞ്ഞത്.
അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറിന്റെയും നടി നീതു സിംഗിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ചിത്രം ഈ വര്‍ഷാവസാനമെത്തും. പിന്നീട് 2018- ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാക്കുകയും ചെയ്തിരുന്നു.