വസ്ത്രത്തിന്റെ പേരിൽ നടി റിമ കല്ലിങ്കലിന് എതിരെ സൈബർ ആക്രമണം ഉയർന്ന പശ്ചാത്തലത്തിൽ മറുപടിയുമായി രഞ്ജിനി ഹരിദാസ്. റിമ കല്ലിങ്കലിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സദാചാരവാദികൾക്ക് രഞ്ജിനി മറുപടി നൽകിയത്. മിനി സ്കർട്ട് ധരിച്ചാണ് ചിത്രത്തിൽ റിമ കല്ലിങ്കലും രഞ്ജിനി ഹരിദാസും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് രഞ്ജിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ആണ് ശ്രദ്ധേയം. ‘ഞങ്ങൾ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം അങ്ങനെ അങ്ങനെ ആളുകൾ ഞങ്ങളോട് പറയാൻ ശ്രമിക്കുമ്പോൾ ഞങ്ങളിങ്ങനെ’ – ഇങ്ങനെയാണ് കുറിപ്പ്. മിനി സ്കർട്ട് ധരിച്ച് ഇരുവരും ഒരു സോഫയിൽ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് രഞ്ജിനി നൽകിയ ചുട്ട മറുപടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
കൊച്ചിയിൽ നടന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ റിമ കല്ലിങ്കൽ പങ്കെടുത്തിരുന്നു. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ റിമ ധരിച്ച വസ്ത്രമാണ് സൈബർ ആക്രമണത്തിന് കാരണമായത്. ഓപ്പൺ ഫോറത്തിൽ റിമ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ വിവിധ യുട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം നടന്നത്.
സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് എന്തെങ്കിലും രീതിയിലുള്ള മോശം അനുഭവം ഉണ്ടായാൽ അതു പറയാൻ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് റിമ ഓപ്പൺ ഫോറത്തിൽ പറഞ്ഞിരുന്നു. എന്നാൽ, സിനിമയിലെ ലൈംഗിക അക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ എന്നായിരുന്നു സദാചാരവാദികളുടെ ചോദ്യം. മാന്യമായി വസ്ത്രം ധരിച്ചുകൂടേ എന്നും കമന്റുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് റിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
View this post on Instagram