തെന്നിന്ത്യയിലെ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികൾ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റർ ടു. ഏപ്രിൽ പതിനാലാം തിയതി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ യാഷിന്റെ പ്രകടനത്തെ ആർപ്പുവിളികളോടെയും കൈയടികളോടെയും സ്വീകരിച്ച പ്രേക്ഷകർ രവീണ ടണ്ടൻ അവതരിപ്പിച്ച രെമിക സെൻ എന്ന കഥാപാത്രത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ഇന്ത്യയുടെ പ്രധാനമന്ത്രിയായ റെമിക സെൻ എന്ന കഥാപാത്രത്തെയാണ് രവീണ ടണ്ടൻ അവതരിപ്പിച്ചത്. രവീണയുടെയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് റെമിക സെൻ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
നായക കഥാപാത്രത്തെ വെല്ലുവിളിക്കുന്ന തന്റേടിയായ, ശക്തയായ പ്രധാനമന്ത്രിയായാണ് റെമിക സെൻ എത്തുന്നത്. റെമിക സെൻ എന്ന പ്രധാനമന്ത്രിയെ വളരെ കൃത്യമായും ശക്തമായുമാണ് രവീണ അവതരിപ്പിച്ചത്. ‘ഉപേന്ദ്ര’ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച രവീണ 22 വർഷങ്ങൾക്ക് ശേഷം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. 1999ലാണ് ‘ഉപേന്ദ്ര’ റിലീസ് ആയത്. കെ ജി എഫിൽ വില്ലൻ വേഷത്തിൽ എത്തിയത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. അധീര എന്ന സഞ്ജയ് ദത്തിന്റെ കഥാപാത്രവും വലിയ പ്രശംസയാണ് നേടിയത്.
ഏപ്രിൽ പതിനാലിന് ആയിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് ചാപ്റ്റർ ടു റിലീസ് ചെയ്തത്. ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ റെക്കോർഡ് നേട്ടവുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രം റിലീസ് ചെയ്ത ദിവസം മാത്രം ഇന്ത്യയിൽ നിന്ന് 134.5 കോടി രൂപയാണ് ചിത്രം നേടിയത്. ഒരു സിനിമയ്ക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്ന ആദ്യദിവസത്തെ ഏറ്റവും കൂടുതൽ കളക്ഷൻ ഇനി കെജിഎഫിന്റെ പേരിലാണ്. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു. 100 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന്റെ ആകെ വരുമാനം 600 കോടിയോളം എത്തിയെന്നാണ് റിപ്പോർട്ടുകൾ.