കഴിഞ്ഞദിവസം ആയിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ അമ്പരന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി മാറി. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ആദ്യം എത്തിയത്. എന്നാൽ, പിന്നീട് ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും എത്തി. ഗോപി സുന്ദറും അമൃത സുരേഷും വരണമാല്യം ചാർത്തി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ആയിരുന്നു ഇത്. അതേസമയം, ഇത് സംബന്ധിച്ച് ഇരു താരങ്ങളും യാതൊരുവിധത്തിലുള്ള സ്ഥിരീകരണവും നൽകിയിട്ടില്ല.
കഴിഞ്ഞദിവസം ആയിരുന്നു ഗോപി സുന്ദർ അമൃത സുരേഷിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചത്. പ്രണയാർദ്രമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രമായിരുന്നു അത്. മുണ്ടും ഷർട്ടും ധരിച്ച് നെറ്റിയിൽ കുറി തൊട്ട് നിൽക്കുന്ന ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമൃത സുരേഷിനെ ആണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ഗോപി സുന്ദർ പങ്കു വെച്ചത്. നിരവധി പേരായിരുന്നു ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
ആരാധകർക്കൊപ്പം തന്നെ സുഹൃത്തുക്കളും ചിത്രത്തിന് കമന്റുകളുമായി എത്തി. ‘നിങ്ങളെ രണ്ടു പേരെയും ഓർത്ത് വളരെ സന്തോഷം. മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ ഇത്. ഈ പ്രത്യേക ദിവസം നിങ്ങൾക്ക് ഒപ്പം ഉണ്ടായതിൽ വളരെ അധികം സന്തോഷം.’ – ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അപർണ മൾബറി ചിത്രത്തിന് താഴെ കുറിച്ചത് ഇങ്ങനെ ആയിരുന്നു. ‘മൈൻ’ എന്നായിരുന്നു ചിത്രത്തിന് താഴെ അമൃതയുടെ സഹോദരി അഭിരാമി കുറിച്ചത്. ‘അഭിനന്ദനങ്ങൾ’ എന്ന് ചിത്രത്തിന് താഴെ ചിലർ ആശംസിച്ചപ്പോൾ മറ്റ് ചിലർ ‘ഹാപ്പി മാരീഡ് ലൈഫ്’ എന്നാണ് കുറിച്ചത്. നേരത്തെ, അമൃത റെക്കോർഡിങ്ങിന് എത്തിയ സമയത്ത് പകർത്തിയ ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.