ശ്രീ റെഡ്ഡി കൊടുങ്കാറ്റ് തെലുങ്ക് സിനിമാലോകത്തെ അടിമുടി ആടിയുലച്ചു കൊണ്ടിരിക്കുകയാണ്. ശ്രീ റെഡ്ഢി കൊളുത്തിവിട്ട വിവാദത്തിന് പിന്തുണച്ചും എതിർത്തും പലരും മുന്നോട്ട് വന്നിട്ടുണ്ട്. അതിനിടയിലാണ് സൂപ്പർ താരം പവൻ കല്യാണിനെതിരെയും ശ്രീ റെഡ്ഢി തിരിഞ്ഞത്. അത് ആറാഹ്ദ്കറെ ചെറുതായിട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. വധഭീഷണിയും മറ്റ് പല തരത്തിലുമുള്ള ഭീഷണികളും ശ്രീ റെഡ്ഢിക്ക് നേരിടേണ്ടി വന്നു. നടി മാപ്പ് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് വമ്പൻ ട്വിസ്റ്റ് നടന്നിരിക്കുന്നത്. പവൻ കല്യാണിനെതിരെ ശ്രീ റെഡ്ഢിക്ക് അപ്രകാരം പറയാനുള്ള ഐഡിയ നൽകിയത് താനാണെന്നും പവൻ കല്യാണും ആരാധകരും തന്നോട് ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകൻ റാം ഗോപാൽ വർമ്മ. കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റണമെങ്കിൽ പവൻ കല്യാണിനെ പോലെയുള്ള ഏതെങ്കിലും നടനെ ലക്ഷ്യം വെക്കുക എന്ന ഐഡിയ പറഞ്ഞുകൊടുത്തത് താനാണെന്ന് ഒരു വീഡിയോയിലൂടെ റാം ഗോപാൽ വർമ്മ വ്യക്തമാക്കി. അതോടൊപ്പം നിർമാതാവ് സുരേഷ് ബാബുവിന്റെ മകനും റാണ ദഗുബട്ടിയുടെ അനുജനുമായ അഭിറാമിനെതിരെ കേസ് കൊടുക്കാതിരിക്കാൻ 5 ലക്ഷം രൂപ താൻ ഓഫർ ചെയ്തെന്നും എന്നാൽ നടി അത് നിരാകരിക്കുകയും ചെയ്തെന്ന് സംവിധായകൻ വെളിപ്പെടുത്തി.