അതിജീവിതയ്ക്ക് എതിരായ നടൻ സിദ്ദിഖിന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി നടി റിമ കല്ലിങ്കൽ. തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. സിദ്ദിഖിന്റെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘സിദ്ദിഖിനെ പോലെ തരം താഴാൻ താൻ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു താരത്തിന്റെ മറുപടി. തൃക്കാക്കരയിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് അതിജീവിതയ്ക്ക് എതിരെ സിദ്ദിഖ് രംഗത്തെത്തിയത്. ‘ഉപതെരഞ്ഞെടുപ്പിൽ അതിജീവിതയുടെ വിഷയം ചർച്ചയായല്ലോ’ എന്ന ചോദ്യത്തിന് ‘അത്തരത്തിൽ ചർച്ചയാകാൻ അതിജീവിത ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ’ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. ഈ പരാമർശത്തോട് ആണ് റിമ കല്ലിങ്കൽ പ്രതികരിച്ചത്.
താൻ അത്രയ്ക്കൊന്നും തരം താഴാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ അതിജീവിതയുടെ കൂടെയാണെന്നും അവർക്ക് വ്യാകുലതകൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവർക്കുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും റിമ പറഞ്ഞു. മുഖ്യമന്ത്രിയെ അതിജീവിത കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇത്രയും കാലമായി അതിജീവിതയുടെ കൂടെ നിന്ന സർക്കാരാണെന്നും വേറെ ഏത് സർക്കാർ ആയാലും ഈ രീതിയിലുള്ള ഇടപെടൽ ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും റിമ പറഞ്ഞു. ‘മുഖ്യമന്ത്രിയും മറ്റുള്ളവരും അവർക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോൾ അത് മുഖ്യമന്ത്രിയെ കണ്ട് തീർക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവർ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് തോന്നുന്നത്’ – റിമ പറഞ്ഞു.
അതേസമയം, അതിജീവിതയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്നും വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാൽ, പൊളിറ്റിക്കലായി ഇതിനെ കൊണ്ടു പോകരുതെന്ന് റിമ ആവശ്യപ്പെട്ടു. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് അവർ തന്നെ മുൻകൈ എടുത്ത് സർക്കാരിനെ കണ്ടതെന്നും ഈ വിഷയത്തിന് രാഷ്ട്രീയമുഖം നൽകരുതെന്നും റിമ പറഞ്ഞു.