വീടുകളിലെ സ്ത്രീ, പുരുഷ വിവേചനം ചൂണ്ടിക്കാട്ടാന്‍ റിമ കല്ലിങ്കല്‍ പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ റിമ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. അന്നത്തെ സംഭവം തന്റെ മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് റിമ കല്ലിങ്കല്‍.
അന്ന് താന്‍ ശരിക്കും എന്താണ് പറഞ്ഞതെന്ന് ധന്യ വര്‍മയ്ക്ക് നല്കിയ അഭിമുഖത്തില്‍ റിമ വിശദീകരിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം നല്‍കണമെന്ന് എപ്പോഴും വിചാരിച്ചിരുന്നുവെന്ന് റിമ പറയുന്നു. നാല് പേര് ഇരിക്കുന്ന ഒരു ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കില്‍ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലുണ്ടാക്കിയത് തന്റെ മാതാപിതാക്കളാണെന്ന് റിമ പറഞ്ഞു. തുടര്‍ച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ താന്‍ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. തനിക്ക് കിട്ടില്ല എന്നേ വിചാരിക്കൂ. എന്നാല്‍ അതല്ലായിരുന്നു തന്റെ വീട്. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള സ്പേസ് വീട്ടിലുണ്ടായിരുന്നുവെന്ന് റിമ പറഞ്ഞു.
ആ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു. അന്ന് താന്‍ പറഞ്ഞത്എന്താണെന്ന് മനസ്സിലാക്കാതെയാണ് എല്ലാവരും ട്രോള്‍ ചെയ്തതെന്ന് റിമ പറഞ്ഞു- ‘വേദിയില്‍വച്ച് താന്‍ കൃത്യമായി പറഞ്ഞിരുന്നു, താന്‍ തന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല ഫിഷ് ഫ്രൈയുടെ കാര്യം പറയുന്നതെന്ന്. തങ്ങള്‍ക്കായി സംസാരിക്കാന്‍ പോലും പറ്റാത്ത സ്ത്രീകള്‍ക്കു വേണ്ടി കൂടി സംസാരിക്കാനാണ് താന്‍ വന്നതെന്ന്. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണം ഉണ്ടെങ്കില്‍ പോലും അതും കൂടി തനിക്ക് തന്നിട്ട് തന്റെ അമ്മയാണ് കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവര്‍ക്കും കൂടി വേണ്ടിയാണ് അവിടെ താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആളുകള്‍ അതൊന്നും കേട്ടില്ലെന്നും റിമ പറഞ്ഞു.