പാട്ടുകൊണ്ടും അവതരണമികവ് കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് റിമി ടോമി. കഴിഞ്ഞ കുറേ കാലമായി ഫിറ്റ്നസിൽ ശ്രദ്ധിച്ച് വരികയാണ് താരം. തന്റെ വർക് ഔട്ട് വീഡിയോകളും ഫോട്ടോകളും താരം സോഷ്യൽമീഡിയയിൽ പങ്കു വെയ്ക്കാറുമുണ്ട്. കഴിഞ്ഞദിവസം ഒരു വർക് ഔട്ട് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു അടിക്കുറിപ്പോടു കൂടിയാണ് റിമി ടോമി വീഡിയോ പങ്കുവെച്ചത്. ‘വിജയങ്ങളിൽ നിന്നല്ല കരുത്ത് ആർജ്ജിക്കുന്നത്, നിങ്ങളുടെ കഷ്ടപ്പാടുകളാണ് നിങ്ങളുടെ ശക്തിയെ വികസിപ്പിക്കുന്നത്’ – എന്ന അർനോൾഡിന്റെ കുറിപ്പ് ആണ് വീഡിയോയ്ക്ക് ഒപ്പം പങ്കുവെച്ചത്.
നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഗായകനും റിമിയുടെ ആത്മാർത്ഥ സുഹൃത്തുമായ വിധു പ്രതാപ് നൽകിയ കമന്റ് ആണ് ഏറെ രസകരം. ‘ചേച്ചി ഒരു ഹായ് തരുമോ?’ എന്നാണ് വിധു ചോദിച്ചത്. ഇതിന് മറുപടിയായി റിമി ടോമി ‘ബൈ’ എന്നാണ് മറുപടി നൽകിയത്. ‘കാവിലെ പാട്ടുമത്സരത്തിനുള്ള സമ്മാനം മാത്രം പോര കുട്ടിക്ക്… ഗുസ്തി മത്സരത്തിനും ഒരു കൈ നോക്കണമെന്നായിരിക്കും ല്ലേ’, ‘തടി കുറച്ചു സുന്ദരിയായി.. ഇനിയിപ്പോ വല്ല വെയിറ്റ് ലിഫ്റ്റിംഗ് പോവാനുള്ള പരിപാടി ഉണ്ടോ’, ‘അല്ലേലും ചേച്ചി പൊളിയാ’ ഇങ്ങനെ പോകുന്നു കമന്റുകൾ.
സ്റ്റേജ് പ്രോഗ്രാമുകളിലൂടെ സജീവമായ റിമി ടോമി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന പാട്ട് പാടി സിനിമ പിന്നണി ഗാനരംഗത്തേക്ക് റിമി എത്തിയത്. അതിനു ശേഷം ഗായികയായും അവതാരകയായും റിമി ശ്രദ്ധിക്കപ്പെട്ടു. പാലാ സ്വദേശിയായി റിമിയുടെ കുസൃതി നിറഞ്ഞ വർത്തമാനങ്ങളും അവതരണ മികവും അവർക്ക് വളരെയേറെ ആരാധകരെ നേടിക്കൊടുത്തു. അഭിനയരംഗത്തും കഴിവ് തെളിയിച്ച റിമി രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
View this post on Instagram