ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലായ ഐഎക്സ് ഇലക്ട്രിക് സ്വന്തമാക്കി താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ടെസ്ലയ്ക്ക് പിന്നാലെയാണ് ഇരുവരും ജര്‍മന്‍ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു അടുത്തിടെയാണ് ഐഎക്സ് ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.4 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ആര്‍ടി ഓഫിസില്‍ ഓഗസ്റ്റ് മാസത്തിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന് നടന്നത്. ബിഎംഡബ്ല്യു ആദ്യമായി ഇന്ത്യയില്‍ ഇറക്കുന്ന ഫുള്‍ ഇലക്ട്രിക് മോഡലാണ് ഐഎക്സ്. പൂര്‍ണമായും വിദേശത്താണ് വാഹനത്തിന്റെ നിര്‍മിതി.
326 പിഎസ് പവറും 630 എന്‍ എം ടോര്‍ക്കുമുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 76.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ഒറ്റത്തവണ ചാര്‍ജില്‍ 425 കിലോമീറ്റര്‍ ദൂരം പോകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മതിയാകും. നേരത്തേ ഇരുവരും ടെസ്ല സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ പ്രചാരം നേടുന്നതിന് മുന്‍പായിരുന്നു താരദമ്പതികളുടെ ഗ്യാരേജിലേക്ക് ടെസ്ല എത്തിയത്.