നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. (malayalam actor rizabaava demise)
ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കു ചികിത്സ തേടി വരികയായിരുന്നു. നാലു ദിവസം മുമ്പു വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. മട്ടാഞ്ചേരിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നു തന്നെ ഖബറടക്കം ഉണ്ടായേക്കും.
നാടക നടനായിരുന്ന റിസബാവ ഇന്നസെന്റ് നായകനായി 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.