നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഉർവശി. അവരെ പ്രശംസ കൊണ്ട് മൂടുകയാണ് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ഇന്ത്യയിലെ മികച്ച പത്ത് അഭിനേതാക്കളിൽ ഒരാളാണ് ഉർവശി എന്നും സിനിമയിൽ അവർക്ക് അറിയാത്ത മേഖലകൾ ഇല്ലെന്നും ബാലാജി പറഞ്ഞു. ‘വീട്ട്ലാ വിശേഷം’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ആർ ജെ ബാലാജി. ഉർവശി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വീട്ട്ലാ വിശേഷം’.
ഉർവശിയെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു ബാലാജി. കൂടെ ജോലി ചെയ്തതിൽ വെച്ച് ഏറ്റവും ഇന്റലിജന്റ് ആയ നടി ഉർവശി ആണെന്ന് കമൽ സാർ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ബാലാജി പറഞ്ഞു. ‘കമൽ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഇവർക്കൊപ്പം ഞാൻ പ്രവർത്തിച്ചു. ഇതുപോലെ കഴിവുള്ള കലാകാരിയെ കണ്ടിട്ടില്ല. മുക്കുത്തിഅമ്മൻ സിനിമയ്ക്ക് വേണ്ടി ഇവരെ സമീപിക്കുന്നതിന് മുമ്പ് ചിലർ ഇവരെ വെച്ച് സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടാകും എന്ന് പറഞ്ഞിരുന്നു. സത്യം പറയാമല്ലോ, ഒരു രീതിയിലുള്ള ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല.’ – പിഞ്ചുകുഞ്ഞിന്റെ മനസുള്ള പാവം നടിയാണ് ഉർവശിയെന്നും ബാലാജി പറഞ്ഞു.
‘ചില ദിവസങ്ങളിൽ ഒൻപതു മണിക്കുള്ള ഷൂട്ടിന് പത്തു മണിക്ക് വന്നോട്ടെ എന്ന് ചോദിക്കും. അത് അവരുടെ കാല് വയ്യാത്തത് കൊണ്ടാണ്, സെറ്റിൽ വന്നാൽ പത്തു നിമിഷങ്ങൾക്കുള്ളിൽ ഷോട്ട് പൂർത്തിയാക്കും. സത്യരാജ് സാർ പറയുന്നതു പോലെ ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉർവശി മാം’ – ആർ ജെ ബാലാജി പറഞ്ഞു. ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ ചേർന്നാണ് ‘വീട്ട്ലാ വിശേഷം’ ചിത്രത്തിന്റെ സംവിധാനം. ബോണി കപൂർആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജൂൺ 17ന് തിയറ്ററുകളിൽ എത്തും.