മമ്മൂക്ക ഇട്ട ഷർട്ടിട്ട് ഒരു ഫോട്ടോ – എന്ന രസകരമായ വരിയോടെയാണ് റോബർട്ട് കുര്യാക്കോസ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ മമ്മൂട്ടി ഒരിക്കലും മടി കാണിക്കാറില്ല. ഇട്ടിരുന്ന ഷർട്ട് വരെ ഊരിക്കൊടുത്ത് തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂക്ക. മമ്മൂട്ടിയുടെ പി ആർ ഒയും മമ്മൂട്ടി ഷെയർ ആൻഡ് കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് ആണ് ഈ സന്തോഷത്തിന്റെ കുറിപ്പ് പങ്കുവെച്ചത്.
‘മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ. ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്. വൈകുന്നേരം എൻ്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്. ആ ഷർട്ടാണ് ഈ ഷർട്ട്!!’ – മമ്മൂട്ടി ഷർട്ട് ഇട്ടു നിൽക്കുന്ന ഫോട്ടോയും, മമ്മൂട്ടി ഇട്ട ഷർട്ട് ധരിച്ച് റോബർട്ട് നിൽക്കുന്ന ഫോട്ടോയുമാണ് കുറിപ്പിനൊപ്പം റോബർട്ട് പങ്കുവെച്ചത്.
ഇത് ആദ്യമായല്ല മമ്മൂട്ടി ആർക്കെങ്കിലും സമ്മാനം നൽകുന്നത്. റോഷാക്കിൽ പ്രധാനവേഷത്തിൽ എത്തിയ ആസിഫ് അലിക്ക് റോളക്സ് വാച്ച് ആയിരുന്നു മമ്മൂട്ടി സമ്മാനിച്ചത്. കൂടാതെ സന്തതസഹചാരിയായ രമേഷ് പിഷാരടിക്ക് കൂളിംഗ് ഗ്ലാസും മമ്മൂട്ടി സമ്മാനിച്ചിരുന്നു. ഏതായാലും റോബർട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വളരെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്.