തിയറ്ററുകളിൽ വൻ വിജയമായി മാറിയിരിക്കുകയാണ് രോമാഞ്ചം സിനിമ. വലിയ പ്രി റിലീസ് പബ്ലിസിറ്റി ഒന്നുമില്ലായിരുന്നെങ്കിലും തിയറ്ററിൽ റിലീസ് ചെയ്ത ആദ്യദിവസം മുതൽ ആളുകൾ രോമാഞ്ചം കാണാൻ തിയറ്ററുകളിലേക്ക് എത്തി. മലയാള സിനിമാഇൻഡസ്ട്രിയെ ഞെട്ടിച്ച സർപ്രൈസ് ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിത്രം. നിറയെ പുതുമുഖങ്ങൾ ഉണ്ടായിരുന്ന പുതുമുഖ സംവിധായകൻ അവതരിപ്പിച്ച ഈ ചിത്രം വമ്പൻഹിറ്റ് ആയി മാറി.
ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രം ഈ വർഷത്തെ തന്നെ ആദ്യ ബോക്സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. 144 സ്ക്രീനുകളിൽ ആയിരുന്നു കേരളത്തിൽ ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തിൽ ഇനിമുതൽ രോമാഞ്ചവും ഉണ്ടാകും. ഏറെ ജനപ്രീതിയാർജിച്ച മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ ലൈഫ് ടൈം കളക്ഷനെ രോമാഞ്ചം മറികടന്നിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. മലയാളം ഹിറ്റുകളുടെ പട്ടികയിൽ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നുവെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ നൽകുന്ന റിപ്പോർട്ട്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 65 കോടിയിൽ അധികം നേടിയെന്നാണ് വിവരം. കേരളത്തില്‍ നിന്ന് 40 കോടിയോളവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.80 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22 കോടിയുമാണ് ചിത്രം നേടിയത്. എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു രോമാഞ്ചത്തിന്റെ ഏറ്റവും വലിയ പ്ലസ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെട്ട സിനിമ നവാഗത സംവിധായകന് ജിത്തു മാധവന് ആണ് സംവിധാനം ചെയ്തത്. സൗബിന് ഒപ്പം അര്ജുന് അശോകന്, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല് പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന് അജയ്, ജോമോന് ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിവരായിരുന്നു മറ്റ് അഭിനേതാക്കൾ.