സംവിധായകനായും നടനായും മലയാളികൾക്ക് പരിചിതനായ താരമാണ് രൂപേഷ് പീതാംബരൻ. സ്ഫടികം എന്ന സിനിമയിൽ മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ച് നടൻ ആയി മാറിയ രൂപേഷ് രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തു.
ദുൽഖർ സൽമാനെ നായകനാക്കിയുള്ള തീവ്രം, ആസിഫ് അലി, ടോവിനോ തോമസ് എന്നിവരെ നായകരാക്കി ചെയ്ത യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളാണ് രൂപേഷ് സംവിധാനം ചെയ്തത്. ഇപ്പോൾ ഇതാ എട്ടു വർഷത്തിനു ശേഷം തന്റെ അടുത്ത സംവിധാന സംരംഭത്തിനുള്ള തയ്യാറെടുപ്പിലാണ് രൂപേഷ്. ഈ മാസം അവസാനത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് രൂപേഷ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
സംവിധായകൻ മാത്രമല്ല നടൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് രൂപേഷ് പീതാംബരൻ. ഒരു മെക്സിക്കൻ അപാരത, അംഗരാജ്യത്തെ ജിമ്മൻമാർ, ഗാംബ്ലർ, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളിൽ രൂപേഷ് അഭിനയിച്ചിട്ടുണ്ട്.