കഥ പറഞ്ഞ രീതി കൊണ്ടും അഭിനേതാക്കളുടെ അസാധ്യപ്രകടനം കൊണ്ടും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമാണ് റോഷാക്ക്. മലയാള സിനിമയിലെ തന്നെ വേറിട്ട അനുഭവം ആയിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള വേഷത്തിലാണ് മമ്മൂട്ടി റോഷാക്കിൽ എത്തിയത്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും മികച്ച പ്രകടനം ആയിരുന്നു ചിത്രം നടത്തിയത്. യുകെയിലും ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ, റിലീസ് ചെയ്തിരുന്നതിനേക്കാൾ കൂടുതൽ തിയറ്ററുകളിലാണ് ഇപ്പോൾ യുകെയിൽ പ്രദർശനം നടക്കുന്നത്.
ഒക്ടോബര്‍ 7 ന് ആയിരുന്നു ഇന്ത്യയിലും സൗദി ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലുമടക്കം ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിൽ ഒക്ടോബര്‍ 13 ന് ചിത്രം എത്തിയെങ്കില്‍ യുകെയിലും അയര്ലന്ഡിലുമൊക്കെ 14ന് ആയിരുന്നു റിലീസ്. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിൽ സ്ക്രീനുകളുടെ എണ്ണം ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
റിലീസ് ചെയ്യുമ്പോള്‍ യുകെയില്‍ 26, അയര്‍ലന്‍ഡില്‍ 5 എന്നിങ്ങനെയായിരുന്നു സ്ക്രീനുകളുടെ എണ്ണമെങ്കില്‍ ഇപ്പോള്‍ അത് യഥാക്രമം 38, 6 എന്നായി വര്‍ധിച്ചിട്ടുണ്ട്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വിദേശ മാര്‍ക്കറ്റുകളില്‍ റിലീസിന്റെ മൂന്നാം വാരം സ്ക്രീനുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നത് അപൂര്‍വ്വതയാണ്. യു കെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായ ലൂക്ക് ആന്റണി. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.