എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്കാരം. ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജനും കിടിലന്‍ നൃത്തം കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാക്കിയ ഗാനമാണിത്.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്ലംഡോഗ് മില്യണേര്‍ എന്ന ചിത്രത്തിലൂടെ എ ആര് റഹ്മാന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം നേടിയിരുന്നു. എം എം കീരവാണിയാണ് ആര്‍ആര്‍ആറിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരങ്ങളിലേക്കും ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം പറഞ്ഞത്. രാജരാജുവായി രാം ചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്ടിആറുമായിരുന്നു വേഷമിട്ടത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ശ്രിയ ശരണ്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.