തെന്നിന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ. രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയറ്ററുകൾ ഇളക്കിമറിച്ചു. ചിത്രത്തിലെ തീവണ്ടി അപകട രംഗത്തിന്റെ വി എഫ് എക്സ് ബ്രേക്ക് ഡൗൺ വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വി ശ്രീനിവാസ് മോഹൻ ആണ് ചിത്രത്തിന്റെ വി എഫ് എക്സ് ചുമതല നിർവഹിച്ചത്. പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലും വിദേശത്തു നിന്നുള്ള ടീമും വി എഫ് എക്സിനായി കൈ കോർത്തു. ഡി വി വി എന്റർടയിൻമെന്റിന്റെ യുട്യൂബ് ചാനലിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്.
വൻനേട്ടമാണ് ആർ ആർ ആർ സ്വന്തമാക്കിയത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ 710 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.
1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥ ആയിരുന്നു ആർ ആർ ആർ. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി. തമിഴ് നടന് സമുദ്രക്കനി, ശ്രിയ ശരൺ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം കെ കെ – സെന്തിൽകുമാർ, പ്രൊഡക്ഷൻ ഡിസൈനർ – സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം – കീരവാണി, വിഎഫ്എക്സ് – വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് – ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം – രമ രാജമൗലി.