ദേശീയ പുരസ്ക്കാര ജേതാവ് വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുകേഷ് തിവാരിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ആദ്യ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കൊമേഷ്യല്‍ സിനിമയുമായിട്ടാണ് അഭിലാഷ് എത്തുന്നത്. ആളൊരുക്കം നിര്‍മിച്ച ജോളിവുഡ് മൂവീസിന്റെ ബാനറില്‍ തന്നെയാണു രണ്ടാമത്തെ സിനിമയും ഒരുങ്ങുന്നത്. സജിത് പുരുഷനാണ് ക്യാമറ. കുട്ടനാടന്‍ ബ്ലോഗിലൂടെ സംഗീത സംവിധാന രംഗത്ത് എത്തിയ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫേയിം ശ്രീനാഥ് ആണ് ചിത്രത്തിന്റെ സംഗീതം.
അഭിലാഷിന്റെ ആദ്യ സിനിമയായ ആളൊരുക്കം മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനു നേടിക്കൊടുത്തതും ആളൊരുക്കമായിരുന്നു.