ആഘോഷങ്ങൾക്കൊപ്പം കണ്ണുനീരും മഴയും കൂടി പെയ്തിറങ്ങിയ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങൾ ഒഴിഞ്ഞു കഴിഞ്ഞു. ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരുടെ നെഞ്ചിൽ ഒരു വിങ്ങലായി ധോണിയുടെയും രോഹിതിൻെറയും കണ്ണുനീരുമുണ്ട്. എന്നാൽ ആ സങ്കടങ്ങൾക്ക് ചിരിയുടെ മറുമരുന്നുമായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ. ഇന്ത്യക്കാർക്ക് സച്ചിൻ എന്നാൽ ഒരു വികാരമാണ്. അപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഈ കൊച്ചു കേരളത്തിൽ ഒരു ചിത്രം ഇറങ്ങുമ്പോൾ അതിനെയും മലയാളികൾ നെഞ്ചിലേറ്റുകയാണ്. സച്ചിൻ എന്ന ഇതിഹാസത്തിന്റെ ജീവിതത്തോട് പലതിലും സാമ്യമുള്ള ഒരുവന്റെ കഥയാണ് സച്ചിൻ എന്ന ചിത്രത്തിലൂടെ നർമത്തിൽ ചാലിച്ച് സംവിധായകൻ സന്തോഷ് നായർ സമ്മാനിച്ചിരിക്കുന്നത്.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനോടുള്ള ഇഷ്ടം കൊണ്ടാണ് വിശ്വനാഥൻ എന്ന ഗവണ്മെന്റ് ക്ലർക്ക് തന്റെ മകന് സച്ചിൻ എന്ന് പേരിട്ടത്. സച്ചിൻ വളർന്ന് വന്നതും ക്രിക്കറ്റിനെ പ്രണയിച്ചു തന്നെയാണ്. തന്നെക്കാൾ നാല് വയസ് കൂടുതൽ ഉള്ള അഞ്ജലി എന്നൊരു പെൺകുട്ടിയെ തന്റെ പ്രണയിനിയായി സച്ചിൻ കണ്ടെത്തുകയും ചെയ്യുന്നു. ഇരുവരും മാതാപിതാക്കളുടെ മുന്നിൽ തന്റെ പ്രണയം തുറന്ന് പറയുവാൻ പേടിക്കുന്നില്ല എന്നതാണ് വേറിട്ട് നിൽക്കുന്ന ഒരു കാഴ്ച്ച. ക്രിക്കറ്റിനോട് ഭ്രാന്തമായ ഒരു അഭിനിവേശമാണെങ്കിൽ പോലും ഒരു മാച്ചിലെങ്കിലും വിജയമെന്നത് സച്ചിനും കൂട്ടുകാർക്കും എത്തിപ്പിടിക്കാവുന്നതിലും ഉയരെയാണ്. പ്രണയവും ക്രിക്കറ്റും രണ്ടു അറ്റത്ത് നിന്ന് ജീവിതത്തെ ഉറ്റു നോക്കുമ്പോൾ സച്ചിന്റെ ജീവിതം മാറിമറിയുന്നതും അതിനെ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സച്ചിനായിയുള്ള ധ്യാൻ ശ്രീനിവാസന്റെ പ്രകടനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്. നർമത്തിൽ ചാലിച്ച മനോഹര നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം പ്രേക്ഷകർക്ക് ചിരിക്കാൻ ഏറെ സമ്മാനിക്കുന്നുണ്ട്. അഞ്ജലിയായെത്തിയ അന്ന രാജനും കൈയ്യടികൾ നേടുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെയധികം വിജയിച്ചിട്ടുണ്ട്. അന്നയുടെ പ്രകടനം ധ്യാനിനേക്കാൾ ഒരു പടി മുന്നിലാണ് എന്ന് തന്നെ പറയാം. പൊട്ടിച്ചിരിക്കാൻ ഏറെയുള്ള ചിത്രത്തിലെ പൊട്ടിച്ചിരിപ്പിക്കാനും ഒത്തിരിപ്പേരുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം വീണ്ടും അജു വർഗീസ് എത്തിയപ്പോൾ പ്രേക്ഷകർക്ക് വീണ്ടും ചിരിപ്പൂരം തന്നെയാണ് ലഭിച്ചിരിക്കുന്നത്. പൊട്ടിച്ചിരിപ്പിച്ചും സീരിയസായും പ്രേക്ഷകർക്ക് മുന്നിലെത്തിയ പിഷാരടിക്ക് പ്രത്യേകം ഒരു കൈയ്യടി. ശരത് കുമാർ, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, പാർവതി, മണിയൻപിള്ള രാജു, കൊച്ചു പ്രേമൻ എന്നിവരും റോളുകൾ മികച്ചതാക്കി.
എസ് എൽ പുരം ജയസൂര്യയുടെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കാതലായി നിലകൊള്ളുന്നത്. നീൽ ഡിക്കൂഞ്ഞയുടെ കാമറ വർക്കുകളും പ്രശംസനീയമാണ്. ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും ഗോപി സുന്ദറുടെ പശ്ചാത്തല സംഗീതവും പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ ഉയരങ്ങളിൽ എത്തിക്കുന്നു. ക്രിക്കറ്റിനെ പ്രണയിക്കുന്നവർക്ക് മാത്രമല്ല നല്ലൊരു സിനിമ കാണാൻ കൊതിക്കുന്നവർക്കും ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് സച്ചിൻ.