ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മാത്യു എന്നാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് 12ത്ത് മാന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യ വാരമാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് 12ത്ത് മാന്‍. നവാഗതനായ കെ ആര് കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. മെയ് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴിയാണ് ചിത്രം റിലീസിനെത്തുന്നത്.