തെന്നിന്ത്യന്‍ താരം സാമന്ത പേരില്‍ മാറ്റം വരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ച ശേഷം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം സാമന്ത അക്കിനേനി എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ അക്കിനേനി എന്ന പേര് താരം മാറ്റി എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചതാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്ത പ്രചരിച്ചു.
ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. തന്റെ ഏറ്റവും പുതിയ സീരീസായ ഫാമിലി മാന്‍ 2 മായി ബന്ധപ്പെട്ട് പുറത്ത് വന്ന ട്രോളുകള്‍ക്ക് മറുപടി നല്‍കികൊണ്ട് ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ ഇത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല. ഫാമിലി മാന്‍ സംബന്ധിച്ച വിവാദങ്ങളോട് താന്‍ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകള്‍ തനിക്കെതിരേ വന്നു. പക്ഷേ സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ താന്‍ സംസാരിക്കുമെന്നും സാമന്ത പറയുന്നു.
അതേ സമയം തമിഴ് ജനതയെ മോശമായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഫാമിലി മാന്‍ 2നെതിരേ വിമര്‍ശനമുയര്‍ന്നത്. ഇതിനോടായിരുന്നു സാമന്തയുടെ പ്രതികരണം. എന്നാല്‍ വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളോട് നാഗചൈതന്യ പ്രതികരിച്ചിട്ടില്ല. 2010ല്‍ ഗൗതം മേനോന് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്. 2017ല്‍ ഗോവയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
സിനിമയില്‍ തിരക്കേറിയ നടിയാണ് സാമന്ത. ത്രില്ലര്‍ വെബ് സീരീസായ ദ ഫാമിലി മാന്‍ 2 ലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതല്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. സാമന്തയെ കൂടാതെ നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളം, അശ്വിന് ഒരുക്കുന്ന ഗെയിം ഓവര്‍ എന്നിവയും സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.