ആരാധകരെയാകെ നിരാശപ്പെടുത്തിക്കൊണ്ടാണ് നാലാം വിവാഹ വാര്‍ഷികത്തിന് 2ദിവസം മാത്രം ബാക്കി നില്‍ക്കെ വേര്‍പിരിയുകയാണെന്ന് താര ദമ്പതികളായിരുന്ന സമാന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളേയും അഭ്യൂഹങ്ങളേയും ശരിവച്ചു കൊണ്ട് നാഗ ചൈതന്യയാണ് വേര്‍പിരിയുകയാണെന്ന് സ്ഥിരീകരിച്ചത്. അതേ സമയം പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലില്‍ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സമാന്തയ്ക്ക് ജീവനാംശമായി നല്കാന് ഒരുങ്ങിയത്. എന്നാല്‍ ഒരു രൂപ പോലും ഈ ഇനത്തില്‍ തനിക്ക് ആവശ്യമില്ലെന്ന് സമാന്ത പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തമായി അധ്വാനിച്ചാണ് തെലുങ്കിലെ മുന്‍നിര നായികയായി താന്‍ വളര്‍ന്നതെന്നും അതു കൊണ്ട് തന്നെ ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞത്. ജോലിയില്‍ മാത്രമാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവിടത്തിലേക്ക് വലിച്ചിടാന്‍ താല്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഇരുവരും വേര്‍പിരിയുന്ന വേളയില്‍ പഴയൊരു വിഡിയോയും ശ്രദ്ധ നേടുകയാണ്. നാഗ ചൈതന്യയെ പോലൊരു ഭര്‍ത്താവിനെ കിട്ടിയതാണ് തന്റെ ഭാഗ്യം എന്ന് പറഞ്ഞ സാം എന്തിനാണ് വിവാഹ മോചനത്തിന് തയ്യാറായത് എന്നാണ് ആരാധകരുടെ ചോദ്യം. പ്രചരിയ്ക്കുന്ന വീഡിയോയില്‍ ചൈതന്യയെ സമാന്ത വാനോളം പുകഴ്ത്തുന്നുണ്ട്.
മഹാനടി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വേദിയില്‍ സംസാരിക്കവെയാണ് സമാന്ത ഭര്‍ത്താവിനെ കുറിച്ച് വാചാലയായത്. ചിത്രത്തില്‍ സാവിത്രി എന്ന ആദ്യകാല നടിയായിട്ടാണ് സമാന്ത അഭിനയിച്ചത്. സാവിത്രി കടന്ന് പോയ അതേ അനുഭവങ്ങളിലൂടെയെല്ലാം തുടക്കത്തില്‍ താനും കടന്നു പോയിട്ടുണ്ട് എന്ന് സാം പറഞ്ഞു. പക്ഷെ അത് മനസ്സിലാക്കി ഞാന്‍ പുറത്തേക്ക് കടന്നു. ആ ബന്ധം നന്നായി അവസാനിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. നാഗ ചൈതന്യയെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതാണ് എന്റെ ഭാഗ്യം- എന്നാണ് സമാന്ത പറഞ്ഞത്. വേര്‍പിരിയല്‍ ദൗര്‍ഭാഗ്യകരമെന്നായിരുന്നു നാഗചൈതന്യയുടെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജുനയുടെ പ്രതികരണം.