ശരീരത്തിന്റെ പേരിലും നിറത്തിന്റെ പേരിലും അപമാനിക്കപ്പെടുന്നവരെ പിന്തുണച്ച് തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ ശ്രദ്ധ നേടിയ താരമാണ് സമീര റെഡ്ഢി. തന്റെ നരച്ച മുടിയും മുഖക്കുരുവുള്ള മുഖവും തുറന്നു കാട്ടാന്‍ സമീരയ്ക്ക് മടിയുണ്ടായിരുന്നില്ല. പ്രസവാനന്തരമുണ്ടായ ശാരീരിക മാറ്റങ്ങളെ പൊതിഞ്ഞു പിടിക്കാതെ വെളിച്ചത്തിലേക്ക് വരാന്‍ മനസു കാട്ടിയ താരം പലപ്പോഴായി തന്റെ ഉറച്ച നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
എന്തു കൊണ്ടാണ് നരച്ച തലമുടി കളര്‍ ചെയ്യാത്തതെന്ന അച്ഛന്റെ ചോദ്യം ആരാധകരുമായി പങ്കുവച്ചുകൊണ്ടാണ് തന്റെ സൗന്ദര്യവ്യക്തി ബോധങ്ങളെക്കുറിച്ചുള്ള അഭിപ്രായം സമീറ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. ആളുകള്‍ എങ്ങനെ വിലയിരുത്തിയാലും ഭയമില്ലെന്നും പൂര്‍വകാലത്തെ തന്റെ സൗന്ദര്യം ഇപ്പോഴില്ല എന്നോര്‍ത്ത് വിഷമിക്കാനില്ലെന്നുമായിരുന്നു നടിയുടെ മറുപടി. മുടി കളര്‍ ചെയ്യാത്ത, മേക്കപ്പില്ലാത്ത ചിത്രത്തോടൊപ്പമായിരുന്നു നടിയുടെ പ്രതികരണം. സൗന്ദര്യത്തെ കുറിച്ചുള്ള പലരുടേയും മനോഭാവങ്ങളെ തകര്‍ക്കുന്ന പ്രതികരണമായിരുന്നു താരത്തിന്റേത്.
സമീരയുടെ കുറിപ്പ്
മുടി കറുപ്പിക്കാതെ നടക്കുന്ന എന്നെക്കണ്ട് എന്തേ ഇങ്ങനെ തുടരുന്നതെന്ന് അച്ഛന് ചോദിച്ചു. ഈ ലുക്കില്‍ ആളുകള്‍ എങ്ങനെയാകും എന്നെ വിലയിരുത്തുക എന്ന ആശങ്കയില്‍ നിന്നുമായിരുന്നു ആ ചോദ്യം. ആളുകള്‍ അങ്ങനെ വിലയിരുത്തിയാലോ വിചാരിച്ചാലോ എന്താണ് കുഴപ്പമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അതിനര്‍ത്ഥം, എനിക്ക് പ്രായമായെന്നോ, ഭംഗിയില്ലെന്നോ ആകര്‍ഷണീയത ഇല്ലെന്നോ ആണോ? അത്തരം കാര്യങ്ങളെക്കുറിച്ചോര്‍ത്ത് മുമ്പത്തേതു പോലെ ആകുലപ്പെടാന്‍ ഇല്ലെന്ന് ഞാന്‍ അച്ഛനോടു പറഞ്ഞു.
മുമ്പ് രണ്ടാഴ്ച കൂടുമ്പോഴും മുടി കളര്‍ ചെയ്യുമായിരുന്നു, അപ്പോള്‍ ആര്‍ക്കും ആ വെളുത്ത മുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനല്ല, എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യാറുള്ളൂ. അച്ഛന് ചോദിച്ചു, എന്തിന് ഞാന്‍ തന്നെ അത്തരമൊരു സംവാദത്തിന് തുടക്കമിടണമെന്ന്? എന്തുകൊണ്ട് എനിക്കായിക്കൂടാ എന്ന മറുചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. എനിക്കറിയാം, ഞാനൊറ്റയ്ക്കല്ല എന്ന്. ഈ മാറ്റം സംഭവിക്കണമെങ്കില്‍, അതിനു സ്വകാര്യത നേടണമെങ്കില്‍ പഴയ ചിന്താരീതികള്‍ തകര്‍ക്കപ്പെടണം. അച്ഛന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ എനിക്ക് മനസിലാകും. ഓരോ ദിവസവും നാം പുതിയ കാര്യങ്ങള്‍ പഠിക്കുകയും മുന്നോട്ടു പോവുകയും ചെയ്യും. ചെറിയ മാറ്റങ്ങളില്പ്പോലും സമാധാനം കണ്ടെത്തും. ജീവിതത്തില്‍ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക, സമീര പറയുന്നു.
കഴിഞ്ഞ ദിവസവും സമീര സമാനമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മുമ്പുള്ള ശരീരപ്രകൃതിയും ലുക്കുമായും ഇന്നത്തെ ശരീരത്തെ താരതമ്യം ചെയ്ത് നിരാശപ്പെടരുത് എന്ന സന്ദേശമാണ് സമീര പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് റാംപില്‍ നടക്കുന്ന ചിത്രവും ഇപ്പോഴത്തെ തന്റെ ലുക്കും ചേര്‍ത്തുവച്ചായിരുന്നു കുറിപ്പ്.
‘പ്രായമേറുന്തോറും ശരീരത്തിന് മാറ്റം സംഭവിക്കും. ചെറുപ്പമായിരിക്കുമ്പോഴുള്ള രൂപഭംഗി പ്രായമാകുമ്പോള്‍ ഉണ്ടാകണമെന്നില്ല. അങ്ങനെ സ്വയം താരതമ്യം ചെയ്തുകൊണ്ടിരിക്കുന്നത് ആരോഗ്യകരമല്ല. നിങ്ങളുടെ ശരീരത്തിനും ആത്മാവിനും വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ കാര്യം പഴയതില്‍ കുടുങ്ങാതിരിക്കുകയാണ്. എപ്പോഴും മുന്നോട്ട് പോവുക . തിരിഞ്ഞു നോക്കരുത്. ശരീരത്തിന്റെ ഭംഗി പോകുമ്പോഴും മനസ്സിന്റെ ഭംഗി സൂക്ഷിക്കുക. പോസിറ്റീവ് ആയിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. എനിക്ക് വളരെയധികം പിന്തുണ നല്കിയ എന്റെ ശരീരത്തിന് നന്ദി.’
View this post on Instagram