ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രമായിരുന്നു സമ്രാട്ട് പൃഥ്വിരാജ്. കഴിഞ്ഞ ജൂൺ മൂന്നിന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ യാതൊരുവിധ ചലനവും ഉണ്ടാക്കാൻ കഴിയാതിരുന്ന ചിത്രം കഴിഞ്ഞദിവസം ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിൽ എത്തിയ ചിത്രം കണ്ട പ്രേക്ഷകർ ചിത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായം ആണ് കുറിച്ചത്.
ഈ സിനിമ തിയറ്ററിൽ കാണാൻ തീരുമാനിക്കാത്തത് ഭാഗ്യമായി എന്നും ഈ വർഷം കണ്ട ഏറ്റവും മോശം ചിത്രമാണ് സാമ്രാട്ട് എന്നുമാണ് ഒടിടിയിൽ ചിത്രം കണ്ടവരുടെ പ്രതികരണങ്ങൾ. ഇത്രയും മോശം ചിത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ അക്ഷയ് കുമാർ കഷ്ടപ്പെടുകയാണെന്ന് ആയിരുന്നു ട്വിറ്ററിൽ വന്ന ഒരു ട്രോൾ. പന്ത്രണ്ടാം നൂറ്റാണ്ടിലെ രജപുത് ഭരണാധികാരി ആയിരുന്ന പൃഥ്വിരാജും തന്റെ രാജ്യത്തെ ആക്രമിക്കാനെത്തിയ മുഹമ്മദ് ഗോറിയുമായി അദ്ദേഹം നടത്തിയ പോരാട്ടവുമാണ് ചിത്രത്തില് ആവിഷ്കരിച്ചിരിക്കുന്നത്.
അക്ഷയ് കുമാറും മാനുഷി ചില്ലാറും നായകരായി എത്തിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഏകദേശം 250 കോടിയോളം മുതൽമുടക്കിൽ ആയിരുന്നു ചിത്രം നിർമിച്ചത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാർ, മാനുഷി ചില്ലാർ എന്നിവർക്ക് ഒപ്പം സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തിയിട്ടുണ്ട്. ആദിത്യ ചോപ്രയാണ് ചിത്രം നിർമിച്ചത്. പൃഥ്വിരാജിന് മുമ്പ് റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രമായ ബച്ചൻ പാണ്ഡെയും പരാജയമായിരുന്നു. 180 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന് 68 കോടി മാത്രമായിരുന്നു നേടാനായത്.