പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് ഒരു മാസ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയപ്പോൾ അതിന് വലിയ രീതിയിലുള്ള പ്രമോഷനാണ് നടന്നത്. കൊച്ചി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കടുവ ടീം പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലാണ് കടുവ ടീം പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയത്.
തെന്നിന്ത്യയിലെ നാല് നഗരങ്ങളിലും പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങൾ എത്തിയിരുന്നു. ഓരോ നഗരത്തിലും പ്രമോഷനുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തിയപ്പോൾ അതാത് സ്ഥലങ്ങളിലെ ഭാഷകളിൽ സംസാരിച്ച ഏകവ്യക്തിയാണ് സംയുക്ത മേനോൻ എന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. സംയുക്ത മീഡിയകളോട് സംസാരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ട് പോയെന്ന് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. ‘ഞങ്ങള്‍ നാല് നഗരങ്ങളില്‍ പോയി(കൊച്ചിയും കൂട്ടി). അതാത് സ്ഥലത്തെ ഭാഷകളില്‍ മീഡിയകളോട് സംസാരിച്ച ഏക ടീം മെമ്പര്‍ സംയുക്തയാണ്. ബെംഗളൂരില്‍ കന്നഡയിലാണ് സംസാരിച്ചത്. ഹൈദരാബാദില്‍ തെലുങ്കില്‍ സംസാരിച്ചു. അത് അത്ഭുതകരമാണ്.’ – പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.
മാത്രമല്ല, സംയുക്ത വളരെ അമ്പീഷ്യസ് ആയിട്ടുള്ള വ്യക്തിയാണെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് അങ്ങനത്തെ ആള്‍ക്കാരെ ഇഷ്ടമാണെന്നും അമ്പീഷ്യസ് ആവുന്നത് നല്ലതാണെന്നും അത് നിങ്ങളെ കൂടുതല്‍ കഠിനാധ്വാനിയും കൂടുതല്‍ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, തനിക്ക് ഭാഷകൾ പഠിക്കാൻ വളരെ ഇഷ്ടമാണെന്ന് സംയുക്ത വ്യക്തമാക്കി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ തിരുക്കുറലിന്റെ രണ്ട് വരികള്‍ പഠിച്ച് പറയാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് പറഞ്ഞ് സംയുക്ത തിരുക്കുറലിന്റെ വരികള്‍ പാടുകയും ചെയ്തു. ഇതുകണ്ട് അന്തംവിട്ട് നോക്കിയിരിക്കുകയായിരുന്നു പൃഥ്വിരാജ്. രാജുവേട്ടൻ ഇത് ട്രൈ ചെയ്യുന്നോയെന്ന് അവതാരികയുടെ ചോദ്യത്തിന് കൂപ്പുകൈ ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി.