തെന്നിന്ത്യൻ താരം നിത്യ മേനനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സന്തോഷ് വർക്കി. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് സിനിമയെക്കുറിച്ചുള്ള തിയറ്റർ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ താരമാണ് സന്തോഷ് വർക്കി. തനിക്ക് നിത്യ മേനെനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സന്തോഷ് വർക്കി ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ബിഹൈൻഡ് വുഡ്സിന് നിത്യ അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ സന്തോഷ് വർക്കിയെക്കുറിച്ച് നിത്യ മേനനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ഒരു കീടം പോലെയാണ് അയാളെന്നും അയാളുടെ തന്നെ 20, 30 നമ്പറുകള് താൻ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞിരുന്നു. വർഷങ്ങളായി ഇയാൾ തന്നെ ബുദ്ധിമുട്ടിച്ച് വരികയാണെന്നും കുറേ കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. നിത്യ ഈ പറഞ്ഞതിന് എതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
പല കാര്യങ്ങളും അറിയാതെയാണ് നിത്യ മേനൻ സംസാരിക്കുന്നതെന്ന് ആയിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്. ഒരാൾക്ക് അത്രയും സിം എങ്ങനെ കിട്ടുമെന്നും താൻ വിളിച്ചിട്ട് ഒരിക്കൽ പോലും അവർ ഫോൺ എടുത്തിട്ടില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു. ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞ് മെസേജ് അയച്ചതിനു ശേഷം താനവരെ വിളിച്ചിട്ടില്ലെന്നും സന്തോഷ് വ്യക്തമാക്കി.
നല്ലൊരു മനുഷ്യനാണ് നിത്യയുടെ അച്ഛനെന്നും നിത്യ കാരണം, തന്റെ കോൺടാക്ടിൽ ഉള്ള ഫ്രൺഷിപ്പ് വരെ നഷ്ടപ്പെട്ടെന്നും സന്തോഷ് പറഞ്ഞു. ഇവരോടുള്ള സ്നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നതെന്നും താനവരെ വേറെ എന്തെങ്കിലും ചെയ്തോയെന്നും സന്തോഷ് ചോദിക്കുന്നു. തന്റെ അച്ഛനോട് വളരെ മോശമായി അവർ സംസാരിച്ചിട്ടുണ്ട്. തനിക്ക് സൈക്കോ പ്രശ്നമാണെന്ന്. തനിക്കെതിരെ പരാതി നൽകി എഫ്ഐആർ ഇട്ടതാണെന്നും എന്നിട്ടവർ പിൻവലിച്ചതാണെന്നും സന്തോഷ് പറഞ്ഞു. മറ്റുള്ളവർ പറയുന്നത് കേട്ടിട്ടാണ് അവർ ഈ പറയുന്നതെന്നും ഇനിമേലിൽ വിളിക്കരുതെന്ന് ഒരുതവണ ഫോൺ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവർക്കുള്ളൂവെന്നും സന്തോഷ് പറഞ്ഞു. ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടതെന്നും സന്തോഷ് വ്യക്തമാക്കി. തനിക്ക് ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും അവർ തന്നെ അർഹിക്കുന്നില്ലെന്നും സന്തോഷ് പറഞ്ഞു.