സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വർക്കിക്ക് നേരെ തിയറ്ററിൽ കൈയേറ്റ ശ്രമം. കൊച്ചിയിലെ വനിത – വിനീത തിയറ്ററിലാണ് ഒരു കൂട്ടം ആളുകൾ സന്തോഷ് വർക്കിയെ കൈയേറ്റം ചെയ്തത്. ജൂൺ രണ്ടിന് റിലീസ് ആയ വിത്തിൻ സെക്കൻഡ്സ് എന്ന പടത്തെക്കുറിച്ച് നടത്തിയ റിവ്യൂവുമായി ബന്ധപ്പെട്ട് ആയിരുന്നു സംഭവം.
സിനിമ മുഴുവൻ കാണാതെ സന്തോഷ് സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞുവെന്ന് ആരോപിച്ച് ആയിരുന്നു കൈയേറ്റം. സിനിമ പത്തു മിനിറ്റ് പോലും കാണാതെയാണ് സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞെന്നാണ് കൈയേറ്റക്കാർ ആരോപിക്കുന്നത്. സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറയണമെന്ന് തന്നോട് ചിലർ ആവശ്യപ്പെട്ടെന്നും അതനുസരിച്ചാണ് താൻ അങ്ങനെ പറഞ്ഞതെന്നും തനിക്കാരും കാശൊന്നും തന്നിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.
അതേസമയം, തങ്ങൾ കഷ്ടപ്പെട്ട് എടുത്ത സിനിമയാണ് ഇതെന്നും ആ സിനിമ കാണാതെ റിവ്യൂ പറഞ്ഞതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും സിനിമയുടെ അണിയറപ്രവർത്തകർ പറഞ്ഞു. അതേസമയം, സന്തോഷ് വർക്കിക്ക് നേരെ നടന്ന കൈയേറ്റത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിയോജിപ്പ് ഉണ്ടെങ്കിൽ കൈയേറ്റം ചെയ്യുകയല്ല വേണ്ടതെന്ന് ഇവർ ആരോപിച്ചു.